എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ
national news
എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th January 2021, 9:40 pm

ന്യൂദല്‍ഹി: എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്ച ഹാജരാകാന്‍ അദ്ദേഹത്തിന് എന്‍.ഐ.എ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് സിര്‍സയുടെ പ്രതികരണം. കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

സംയുക്ത കര്‍ഷക മോര്‍ച്ച നേതാവാണ് ബല്‍ദേവ് സിംഗ് സിര്‍സ. ബല്‍ദേവ് സിംഗ് ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്ക് എന്‍.ഐ.എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15 ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരെ ദല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

എന്നാല്‍ കര്‍ഷക പ്രതിഷേധം തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഇടപെടലെന്ന് കര്‍ഷകര്‍ പറഞ്ഞു.

അതേസമയം, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കര്‍ഷകരുമായി പത്താംവട്ട ചര്‍ച്ച ജനുവരി 19 ന് നടത്താനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Wont Go Nia For Interrogation Says Farmers Leader