| Monday, 3rd August 2015, 4:45 pm

നിലവിളക്ക് വിവാദം ചര്‍ച്ച തുടര്‍ന്നാല്‍ ഗുണം ബി.ജെ.പിക്ക്: ഹൈദരലി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ നിലവിളക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല. വിവാദത്തില്‍ ചര്‍ച്ച ഇനിയും തുടര്‍ന്നാല്‍ ഗുണം ചെയ്യുക ബി.ജെ.പിക്കാവുമെന്നും ഇക്കാര്യത്തില്‍ മുന്‍ഗാമികളുടെ നിലപാടാണ് ലീഗിന്റെതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനും പരസ്യമായി തര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നും തങ്ങള്‍ ലീഗ് നേതാക്കളോട് ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയായി തീരുമാനിച്ച് ചേര്‍ന്ന യോഗത്തില്‍  നിലവിളക്ക് വിവാദം ചര്‍ച്ച ചെയ്യില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നേരത്തെ തന്നെ അറിയിച്ചിരുന്നു. നേരത്തെ മമ്മൂട്ടി പങ്കെടുത്ത ചടങ്ങില്‍ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച വിവാദം ലീഗ് നേതാക്കള്‍ തമ്മില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വരെ എത്തിയിരുന്നു.

ഇ.ടി മുഹമ്മദ് ബഷീറും എം.കെ മുനീറും കെ.എം ഷാജിയുമായിരുന്നു പരസ്യമായി വിരുദ്ധ പ്രസ്താവനകള്‍ ഇറക്കിയിരുന്നത്. വിഷയത്തില്‍ പരസ്യ പ്രസ്താവന വിലക്കി കൊണ്ട് ലീഗ് നേതൃത്വം  ഇടപെടുകയും ചെയ്തിരുന്നു. ഇതിനിടെ നിലവിളക്ക് കൊളുത്തല്‍ അനിസ്‌ലാമികമെന്ന് സമസ്ത പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു കൂടാതെ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ച എം.കെ.മുനീര്‍, കെ.എം.ഷാജി, കെ.എന്‍.എ.ഖാദര്‍  എന്നിവരെ വിമര്‍ശിച്ച് കൊണ്ട് സമസ്ത സുപ്രഭാതത്തില്‍ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more