| Wednesday, 15th May 2019, 10:38 am

ഗോവധത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം ഇനി കേസെടുക്കില്ല; പൊതു സ്ഥലത്തെ ആര്‍.എസ്.എസ് ശാഖകള്‍ നിരോധിക്കും: കമല്‍ നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ ഗോവധത്തിന് ഇനി മുതല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. പൊതു സ്ഥലങ്ങളിലെ ആര്‍.എസ്.ശാഖകള്‍ അടച്ചു പൂട്ടുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 130 സീറ്റുകള്‍ നേടുമെന്നും, മധ്യപ്രദേശില്‍ 29ല്‍ 22 സീറ്റുകള്‍ നേടുമെന്നും കമല്‍നാഥ് അവകാശപ്പെട്ടു. നിലവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ മാത്രമാണുള്ളത്. എന്നാല്‍ 2018 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍
15 വര്‍ഷത്തെ ബി.ജെ.പിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് നിന്ന് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചിരുന്നു.

ബി.ജെ.പിക്ക് നിലവില്‍ 22 സീറ്റുകളാണുള്ളത്. ശക്തമായ ഭരണവിരുദ്ധ വികാരവും, കാര്‍ഷിക മേഖലിയെ പ്രതിസന്ധിയും ബി.ജെ.പിയെ താഴെയിറക്കുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധത്തിന് യുവാക്കളുടെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തത് വിവാദമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.

ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത നടപടി തെറ്റെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞിരുന്നു.

ഇതു വരെ പശു സംരക്ഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തപ്പെട്ടിട്ടുണ്ട്. അനധികൃതമായി പശുക്കളെ കടത്തിയ രണ്ടു പേരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയുമാണ് മധ്യപ്രദേശില്‍ എന്‍.എസ്.എ ചുമത്തിയത്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നടപടിയില്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നസീം ഖാന്‍ രംഗത്തെത്തിരിയിരുന്നു. ആര്‍.എസ്.എസ്സിന്റെ കീഴിലുള്ള ബി.ജെ.പിയാണ് ഇത് ചെയ്തതെങ്കില്‍ അത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മധ്യപ്രദേശില്‍ ഇത് സംഭവിച്ചത് നിരാശാജനകമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more