| Tuesday, 14th May 2019, 8:17 pm

കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കും, 'ഡ്രൈവറുടെ സീറ്റ്' ചോദിക്കുന്നതുവരെ മാത്രം; ഫെഡറല്‍ മുന്നണി സര്‍ക്കാരിനെക്കുറിച്ച് ടി.ആര്‍.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ‘ഡ്രൈവറുടെ സീറ്റ്’ ചോദിക്കുന്നതുവരെ ഫെഡറല്‍ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) വക്താവ് ആബിദ് റസൂല്‍ ഖാന്‍. സര്‍ക്കാരിനെ നയിക്കാനുള്ള ചുമതല കോണ്‍ഗ്രസിനു വിട്ടുനല്‍കില്ലെന്ന സൂചനയാണ് ഇതുവഴി ടി.ആര്‍.എസ് നല്‍കുന്നത്.

കോണ്‍ഗ്രസ്-ഇതര, ബി.ജെ.പി-ഇതര സര്‍ക്കാരുണ്ടാക്കുന്നതിന്റെ ഭാഗമായി പ്രാദേശികപാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്തിക്കൊണ്ട് ഫെഡറല്‍ മുന്നണി എന്ന ആശയം മുന്നോട്ടുകൊണ്ടുവന്നത് ടി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവാണ്. ഫെഡറല്‍ മുന്നണിയാണു കേന്ദ്രസര്‍ക്കാരിനു നേതൃത്വം നല്‍കുകയെന്ന് റാവുവിന് ഉറപ്പുണ്ടെന്നും റസൂല്‍ ഖാന്‍ പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള സീറ്റിന്റെ എണ്ണത്തില്‍ കുറവുവന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടുമെന്നും ഖാന്‍ വിശദീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിസ്ഥാനം മുന്നണിയിലെ ഏതെങ്കിലും കക്ഷികള്‍ക്ക് അവകാശപ്പെട്ടതായിരിക്കുമെന്നും ഇക്കാര്യം കൂടിച്ചേര്‍ന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസുമായോ ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുമായോ (ടി.ഡി.പി) സഖ്യത്തിലേര്‍പ്പെട്ടേക്കാമെന്നു നേരത്തേ ടി.ആര്‍.എസ് വ്യക്തമാക്കിയിരുന്നു.

ചെന്നൈയില്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായി റാവു കൂടിക്കാഴ്ച നടത്തിയതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് ഖാന്റെ പ്രസ്താവന വന്നത്. എന്നാല്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യമാണ് സ്റ്റാലിന്‍ റാവുവിന്റെ മുന്നില്‍വെച്ചത്. ഒരുകാരണവശാലും ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടില്ലെന്നും ഖാന്‍ വ്യക്തമാക്കി.

എസ്.പി, ബി.എസ്.പി, വൈ.എസ്.ആര്‍.സി.പി, ടി.ആര്‍.എസ് എന്നിവര്‍ ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും എന്നാല്‍ കോണ്‍ഗ്രസ് നൂറ് സീറ്റ് കടക്കില്ലെന്നും ഖാന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലടക്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അവരുമായി സഖ്യത്തെക്കുറിച്ചു സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more