മുംബൈ: സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍.പി.ആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
‘പൗരത്വഭേദഗതി നിയമവും (സി.എ.എ) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.ആര്‍.സി) ദേശീയ പൗരത്വ പട്ടികയും (എന്‍.പി.ആര്‍) വ്യത്യസ്തമാണ്. പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. സംസ്ഥാനത്ത് ഒരിക്കലും എന്‍.ആര്‍.സി നടപ്പിലാക്കില്ല.’ ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പിലാക്കുമെന്നും അതില്‍ വിവാദമാകേണ്ട ഒന്നുമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
‘എന്‍.ആര്‍.സി നടപ്പിലാക്കിയാല്‍ അത് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും മാത്രമല്ല, ആദിവാസികളേയും ബാധിക്കും. അതേസമയം എന്‍.പി.ആര്‍ എന്നത് സെന്‍സസ് ആണ്. ഞാന്‍ മനസിലാക്കിയത് അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ്. അത് എല്ലാ 10 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണ്.’ ഉദ്ധവ് താക്കറെ പറഞ്ഞു.
എന്നാല്‍ ഭരണസഖ്യത്തിലെ കക്ഷികള്‍ സമവായത്തിലെത്തുന്നത് വരെ മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പിക്കില്ലെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. പൗരത്വരജിസ്റ്ററിനുവേണ്ടി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തയെ തള്ളികൊണ്ട് സംസ്ഥാനത്ത് അത്തരത്തില്‍ സര്‍വ്വേകളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നും മതപരമായോ ജാതിയമായോ ഒരാള്‍ പോലും വിവേചനം നേരിടേണ്ടി വരില്ലയെന്നും മുഖ്യമന്ത്രി നേരത്തെ ഉറപ്പ് തന്നിട്ടുണ്ടെന്നും ജിതേന്ദ്ര ആവാദ് പറഞ്ഞിരുന്നു.