| Tuesday, 2nd April 2019, 6:42 pm

ശിവസേന ബി.ജെ.പിയെ ചതിക്കില്ല, ബി.ജെ.പി ഞങ്ങളെയും വഞ്ചിക്കരുത്: ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പി-ശിവസേന ബന്ധം നിലനില്‍ക്കുമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ശിവസേന ബി.ജെ.പിയെ ചതിക്കില്ല. ബി.ജെ.പിയും അതുപോലെ തന്നെ വഞ്ചന കാണിക്കരുതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന മുഖപത്രമായ “സാമ്‌ന”യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താക്കറെയുടെ പ്രതികരണം.

അധികാരത്തിലിരിക്കെ ബി.ജെ.പിയെ വിമര്‍ശിച്ചതില്‍ ഖേദിക്കുന്നില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബി.ജെ.പിയുമായി സീറ്റ് ധാരണയായതിന് ശേഷം പുറത്തു വരുന്ന താക്കറെയുടെ അഭിമുഖമാണിത്.

താനൊരു ചൗക്കീദാര്‍ അല്ലെന്നും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ലെന്നും ഉദ്ദവ് താക്കറേ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

“കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ഞാന്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ മോദിക്ക് അഞ്ച് വര്‍ഷം കൂടി നല്‍കണം. രാമക്ഷേത്ര നിര്‍മ്മാണത്തിന് പുരോഗതിയില്ലെങ്കില്‍ അയോദ്ധ്യയില്‍ സന്ദര്‍ശനം നടത്തും”. താക്കറെ കൂട്ടിച്ചേര്‍ത്തു.

48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ശിവസേന 23ഉം ബി.ജെ.പി 25 ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. ശിവസേനയുടെ സഹായമില്ലെങ്കില്‍ സംസ്ഥാനത്ത് ബി.ജെ.പി തകര്‍ന്നടിയുമെന്ന് ബി.ജെ.പിയുടെ തന്നെ അഭ്യന്തര സര്‍വ്വെ ഉണ്ടായിരുന്നു. ബി.ജെ.പിയുടെ സീറ്റുകള്‍ 18മുതല്‍ 20 വരെയായി ചുരുങ്ങുമെന്നാണ് വിലയിരുത്തപ്പെട്ടത്.

We use cookies to give you the best possible experience. Learn more