ന്യൂദല്‍ഹി: കര്‍ഷകസമരത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്.
കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ നോക്കിയയാളാണ് ഖട്ടറെന്നും അതിനാല്‍ അയാളുടെ ഫോണ്‍ കോളുകള്‍ക്ക് ഇനി താന്‍ ഉത്തരം നല്‍കില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
‘എന്താണ് പറയേണ്ടതെന്ന് അയാള്‍ക്ക്(ഖട്ടര്‍)അറിയില്ല. അതിനാലാണ് അദ്ദേഹം ഇല്ലാത്തതൊക്കെ പറയുന്നത്. പഞ്ചാബില്‍ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ താന്‍ ശ്രമിക്കില്ല. പ്രതിഷേധിക്കാനുള്ള അവകാശം കര്‍ഷകര്‍ക്കുമുണ്ട്. പിന്നെന്തിനാണ് ഹരിയാനയില്‍ കര്‍ഷകരെ തടയുന്നത്? അവര്‍ക്കെതിരെ എന്തിന് ജലപീരങ്കികള്‍ ഉപയോഗിക്കുന്നത്? പഞ്ചാബിലും, ദല്‍ഹിയിലും വരെ കര്‍ഷകരെ തടയുന്നില്ല. നിങ്ങളുടെ ഈ സത്യസന്ധമല്ലാത്ത പെരുമാറ്റം എനിക്ക് ഇഷ്ടമില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു കോളും ഇനിയെടുക്കില്ല’, അമരീന്ദര്‍ സിംഗ് പറഞ്ഞു.
നേരത്തെ കര്‍ഷകര്‍ നടത്തുന്ന ദല്‍ഹി മാര്‍ച്ചിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്ന ആരോപണവുമായി ഖട്ടര്‍ രംഗത്തെത്തിയിരുന്നു. അമരീന്ദര്‍ സിംഗിന്റെ ഓഫീസ് ജീവനക്കാരാണ് സമരത്തിന് പിന്നിലെന്നാണ് ഖട്ടര്‍ പറഞ്ഞത്.
‘ഇപ്പോള്‍ പ്രതിഷേധം നടത്തുന്നത് പഞ്ചാബിലെ കര്‍ഷകരാണ്. ഹരിയാനയിലെ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്മാറിക്കഴിഞ്ഞു. അവരോട് നന്ദിയുണ്ട്. ഇപ്പോള്‍ നടക്കുന്ന ദല്‍ഹി മാര്‍ച്ചിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ്. അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരാണ് ഇപ്പോള്‍ മാര്‍ച്ച് നയിക്കുന്നത്’, ഖട്ടര്‍ പറഞ്ഞു.
അതേസമയം ഇതാദ്യമായല്ല ഖട്ടറും അമരീന്ദര്‍ സിംഗും ഏറ്റുമുട്ടുന്നത്. പഞ്ചാബില്‍ കര്‍ഷകര്‍ സമാധാനപരമായാണ് മാര്‍ച്ച് നടത്തിയതെന്നും ഹരിയാന സര്‍ക്കാര്‍ അവരെ പ്രകോപിതരാക്കിയെന്നും അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ അമരീന്ദര്‍ സിംഗ് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് ഇളക്കിവിടുകയാണെന്നായിരുന്നു ഖട്ടറുടെ പ്രതികരണം.
അതേസമയം ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ദല്‍ഹി ചലോ മാര്‍ച്ചിന് ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് ഇപ്പോഴും അതിര്‍ത്തികളില്‍ തുടരുന്നത്.
ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കനത്ത പൊലീസ് കാവലാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് രാജ്യ തലസ്ഥാനത്ത് തുടരമാമെന്നും ബുരാരിയിലെ നിരാങ്കരി ഗ്രൗണ്ടില്‍ പ്രതിഷേധിക്കാമെന്നുമാണ് ദല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്.
പൊലീസ് അനുമതിയെ തുടര്‍ന്ന് ഒരു വിഭാഗം കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടന്നിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറിലോ രാംലീല മൈതാനയിലോ സമരം ചെയ്യാന്‍ ഇടം നല്‍കണമെന്ന ഉറച്ച നിലപാടിലാണ് വലിയൊരു വിഭാഗം കര്‍ഷകരും അതിര്‍ത്തിയില്‍ തുടരുന്നത്.
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും കര്‍ഷകരാണ് ശനിയാഴ്ച ദല്‍ഹി അതിര്‍ത്തിയിലേക്ക് പ്രവേശിക്കാനെത്തുന്നത്.
ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ ചര്‍ച്ച കര്‍ഷകര്‍ക്ക് നിര്‍ണായകമാകും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Amarinder singh slams manohar lal khattar