ഗുസ്തി താരങ്ങളെ ഇന്ത്യ ഗേറ്റിന് മുമ്പില്‍ നിരാഹാരസമരം നടത്താന്‍ അനുവദിക്കില്ല; പൊലീസ്
national news
ഗുസ്തി താരങ്ങളെ ഇന്ത്യ ഗേറ്റിന് മുമ്പില്‍ നിരാഹാരസമരം നടത്താന്‍ അനുവദിക്കില്ല; പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th May 2023, 8:57 pm

ന്യൂദല്‍ഹി: ഗുസ്തി താരങ്ങളെ ഇന്ത്യ ഗേറ്റിന് മുമ്പില്‍ നിരാഹാരസമരം നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ. ഇന്ത്യ ഗേറ്റ് ഒരു ദേശീയ സ്മാരകമാണ്, പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്ന് പൊലീസ് പറഞ്ഞതായി പി.ടിഐ റിപ്പോര്‍ട്ട ചെയ്യുന്നു. ധര്‍ണ നടത്താന്‍ ബദല്‍ സ്ഥലങ്ങള്‍ നിര്‍ദേശിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

‘ അത്തരം ആവശ്യവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ ഇതുവരെ സമീപിച്ചിട്ടില്ല. അവര്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍ ഡി.സിപിക്ക് രേഖമൂലം കത്ത് സമര്‍പ്പിക്കാം. അതനുസരിച്ച് നടപടി എടുക്കാം,’ ദല്‍ഹി പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ പറഞ്ഞു.

അതേസമയം, മെഡലുകള്‍ ഗംഗയിലൊഴുക്കാനെത്തിയ രാജ്യത്തിന്റെ അഭിമാനതാരങ്ങളായ ഗുസ്തി താരങ്ങളെ കര്‍ഷക നേതാക്കള്‍ പിന്തിരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരും പൊലീസും വരെ നോക്കുകുത്തി ആയിടത്താണ് താരങ്ങളെ ആശ്വസിപ്പിക്കാനും അസാധാരണമായ സമരരീതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും കര്‍ഷക നേതാക്കള്‍ ഓടിയെത്തിയത്.

ജാട്ട് വിഭാഗത്തിലെ പ്രധാന നേതാക്കളായ രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ താരങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും ഗുസ്തി സമരങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണയര്‍പ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളുണ്ടെന്ന ഉറപ്പുനല്‍കിയാണ് കര്‍ഷക നേതാക്കള്‍ താരങ്ങളെ അനുനയിപ്പിച്ചത്.

എന്നാല്‍ അഞ്ച് ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ ഗംഗയില്‍ ഒഴുക്കാന്‍ തിരിച്ചെത്തുമെന്ന് താരങ്ങള്‍ കര്‍ഷക നേതാക്കളെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന് അഞ്ച് ദിവസത്തെ സമയം കൂടി നല്‍കുമെന്നും അതിനുള്ളില്‍ ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ ശക്തമായ സമരം ആരംഭിക്കുമെന്നും കര്‍ഷക നേതാക്കള്‍ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

ഇതിന് പിന്നാലെ മെഡലുകള്‍ കര്‍ഷക നേതാക്കള്‍ തന്നെ ഏറ്റുവാങ്ങുകയും താരങ്ങളെ ഗംഗാ നദീ തീരത്ത് നിന്ന് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഗുസ്തി താരങ്ങളെ പിന്തുണച്ച് വന്‍ ജനാവലിയാണ് ഹരിദ്വാറിലേക്ക് എത്തിയിരുന്നത്.

മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ സമരം ചെയ്യുകയാണ്.

Contenthighlight: Wont allow wrestling protesters to protest in the india gate: Police