മോദിയുടെ വിമാനം ഈ നാട്ടില്‍ ഇറങ്ങാന്‍ അനുവദിക്കില്ല: കേന്ദ്രസര്‍ക്കാറിന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എയുടെ മുന്നറിയിപ്പ്
India
മോദിയുടെ വിമാനം ഈ നാട്ടില്‍ ഇറങ്ങാന്‍ അനുവദിക്കില്ല: കേന്ദ്രസര്‍ക്കാറിന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th March 2017, 2:04 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വി.വി.ഐ.പികളുടെ വിമാനം തങ്ങളുടെ മണ്ണില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ എം.എല്‍.എയായ ഭവാനി രാജാവതിന്റെ ഈ മുന്നറിയിപ്പ് വിവാദമായിരിക്കുകയാണ്.

പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ കോട്ട മേഖലയില്‍ വിമാനത്താവളമില്ലാത്തതാണ് എം.എല്‍.എ പ്രകോപിപ്പിച്ചത്.

വിമാനത്താവളമില്ലാത്ത ഇവിടെ പാസ്‌പോര്‍ട്ടുകൊണ്ട് ജനങ്ങള്‍ എന്തു ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. കോട്ട എം.പി ഓം ബിര്‍ളയുള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.


Also Read: മുഖ്യമന്ത്രിയുടെ തലയറുക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത ഒരു കോടി സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന മുസ്‌ലിം ലീഗ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം 


“രാഷ്ട്രീയ നേതാക്കന്മാരുടെ ചെറിയ വിമാനങ്ങള്‍ക്കു മാത്രമേ ഇറങ്ങാന്‍ കഴിയൂവെന്നതുകൊണ്ടുതന്നെ കോട്ട എയര്‍പോര്‍ട്ട് രാഷ്ട്രീയ നേതാക്കന്മാര്‍ക്കുവേണ്ടിയുള്ളതാണ്. കോട്ടയിലേക്ക് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വി.വി.ഐ.പികളുടെ വിമാനം ഇറങ്ങാന്‍ അനുവദിക്കരുതെന്ന് നമുക്ക് തീരുമാനിക്കാം.” എന്നായിരുന്നു എം.എല്‍.എ പറഞ്ഞത്.

നേരത്തെ നോട്ടുനിരോധനത്തിനു പിന്നാലെ രാജാവത് കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്തുവന്നിരുന്നു. അംബാനിക്കും അദാനിക്കുമൊക്കെ നോട്ടുനിരോധനം നേരത്തെ അറിയാമായിരുന്നു എന്നായിരുന്നു രാജാവതിന്റെ പരാമര്‍ശം.