കത്വ: രാജ്യത്തെ വിഘടിക്കാൻ ജമ്മു കശ്മീരിലെ രണ്ട് കുടുംബങ്ങൾ നടത്തുന്ന ശ്രമങ്ങൾ തടയുമെന്ന് നാഷണൽ കോൺഫറൻസിന്റെ ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ അബ്‌ദുള്ളമാരും മുഫ്തിമാരും അവിടുത്തെ മൂന്ന് തലമുറകളെ നശിപ്പിച്ചുവെന്നും മോദി ആരോപിച്ചു. ജമ്മു കാശ്മീരിൽ പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ രണ്ടാക്കാൻ ഞാൻ മുഫ്തിമാരെയും അബ്‌ദുള്ളമാരെയും അനുവദിക്കില്ല. ഇവർ ഇവിടെ നിന്നും വിടവാങ്ങിയ ശേഷം മാത്രമേ ജമ്മു കശ്മീരിന്റെ ഭാവി ശോഭനമാക്കാൻ കഴിയൂ. ഇവരുടെ കൂട്ടരേ മുഴുവനായും ഈ മണ്ണിൽ ഇറക്കിക്കോട്ടെ, എന്നെ എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, എന്നാലും ഈ രാജ്യത്തെ വിഘടിക്കാൻ ഞാൻ അനുവദിക്കില്ല.’ മോദി പറഞ്ഞു.
ജമ്മു കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ളയുടെ പ്രസ്താവന ലക്‌ഷ്യം വെച്ചുകൊണ്ടായിരുന്നു മോദിയുടെ വാക്കുകൾ. ഇത് പുതുതായി ഉന്നയിക്കുന്ന ഒരു ആവശ്യമല്ലെന്നും, ഇതിന് മുൻപും ഇതേ ആവശ്യം ഉയർന്ന് വന്നിട്ടുണ്ടെന്നും ഉമർ അബ്‌ദുള്ള പറഞ്ഞിരുന്നു.
കോൺഗ്രസിന് അത് സാധിച്ചില്ലെങ്കിലും കാശ്മീരി പണ്ഡിറ്റുകളെ ജമ്മു കാശ്മീരിലേക്ക് താൻ തിരികെ എത്തിക്കുമെന്നും മോദി പറഞ്ഞു. ആ ലക്ഷ്യത്തിനായി താൻ സ്വയം സമർപ്പണം നടത്തിയിരിക്കുന്നെവെന്നും ഈ ‘കാവൽക്കാരൻ’ അതിനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു. പാകിസ്ഥാനിൽ നിന്നും വന്ന ‘ഭാരതാംബ’യിൽ വിശ്വസിക്കുന്ന എല്ലാ കുടുംബങ്ങൾക്കും താൻ പൗരത്വം നൽകുമെന്നും മോദി പറഞ്ഞു.
തന്റെ പ്രസംഗത്തിനിടയിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെയും മോദി വിമർശിച്ചു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ ഇരകളെ ആദരിക്കുന്ന വൈസ് പ്രസിഡന്റിന്റെ ചടങ്ങിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് പങ്കെടുക്കാൻ എത്തിയില്ല എന്നായിരുന്നു മോദിയുടെ വിമർശനം. ‘ദേശഭക്തിയും ‘കുടുംബ’ഭക്തിയും തമ്മില്ലുള്ള വ്യത്യാസം ഇതാണ്’ മോദി പറഞ്ഞു.
‘എനിക്ക് ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ ഏറെ നാളായി അറിയാം. ഞാൻ അദ്ദേഹത്തിന്റെ ദേശസ്നേഹത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇത്തരത്തിൽ ‘കുടുംബ’ ഭക്തി പ്രദർശിപ്പിക്കാൻ അദ്ദേഹത്തിന് മേലുള്ള സമ്മർദ്ദം എനിക്ക് മനസിലാക്കാൻ സാധിക്കും.’ മോദി പറഞ്ഞു.