ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിച്ച് കൊണ്ട് വിദേശരാജ്യങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ദക്ഷിണ പാകിസ്ഥാനിലെ ഒരു റാലിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്റെ വാക്കുകള്‍.
നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍.എ.പി) പ്രകാരം രാജ്യത്തെ തീവ്രവാദ കേന്ദ്രങ്ങളെ സര്‍ക്കാര്‍ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
തീവ്രവാദ വിരുദ്ധ നടപടിയുടെ ഭാഗമായി പാക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 180 മദ്രസകളുടെ നിയന്ത്രണമേറ്റെടുക്കുകയും 121 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഹാഫിസ് സഈദിന്റെ സംഘടനയായ ജമാത്തുദ്ദഅ്‌വയുടെ ലാഹോര്‍ ആസ്ഥാനത്തിന്റെ നിയന്ത്രണവും പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിന് ആളെ വെക്കുകയും സംഘടനയുടെ 75 ആംബുലന്‍സുകളടക്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും മറ്റ് ലോകരാജ്യങ്ങളും പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല നാഷണല്‍ ആക്ഷന്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പാക് നിലപാട്.