ഗുലാം അലിയുടെ കേരളത്തിലെ പരിപാടികള്‍ തടയും: ശിവസേന; പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറണം
Daily News
ഗുലാം അലിയുടെ കേരളത്തിലെ പരിപാടികള്‍ തടയും: ശിവസേന; പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th January 2016, 3:39 pm

ghulam
തിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഒരു പരിപാടിയും കേരളത്തില്‍ അനുവദിക്കില്ലെന്ന് ശിവസേന. അല്ലാത്ത പക്ഷം തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വേദികളിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും ശിവസേന നേതാക്കള്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

പഠാന്‍കോട്ടിലെ സൈനികകേന്ദ്രത്തില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ദുഖാചരണം നടത്തണം, ആഘോഷിക്കാനുള്ള അവസരമല്ല ഇതെന്നും ശിവസേന സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. അജി പറഞ്ഞു. തങ്ങളുടെ എതിര്‍പ്പ് പാകിസ്ഥാനോടാണെന്നും ശിവസേന നേതാക്കള്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഗുലാം അലിയെ കേരളത്തില്‍ പാടിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ജനുവരി 4ന് ശിവസേന പ്രവര്‍ത്തകര്‍ കോഴിക്കോട് വെച്ച് ഗുലാം അലിയുടെ കോലം കത്തിച്ചിരുന്നു. സ്വരലയയുടെ നേതൃത്വത്തില്‍ ജനുവരി 15ന് തിരുവനന്തപുരത്തും ജനുവരി 17ന് കോഴിക്കോട്ടുമാണ് ഗുലാംഅലി സംഗീത പരിപാടി അവതരിപ്പിക്കുക.

ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ ഗുലാംഅലിയുടെ സംഗീത പരിപാടികള്‍ മുടങ്ങിയിരുന്നത്. മുംബൈയില്‍ സംഘടിപ്പിക്കാനിരുന്ന ചടങ്ങാണ് ആദ്യം ഉപേക്ഷിച്ചിരുന്നത്. തുടര്‍ന്ന് ദല്‍ഹി സര്‍ക്കാര്‍ നടത്താനിരുന്ന പരിപാടിയും ശിവസേനയുടെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ദുഖിപ്പിച്ചെന്നും കാര്യങ്ങള്‍ ശരിയാവുന്നത് വരെ പരിപാടി നടത്തില്ലെന്നും ഗുലാം അലി പറഞ്ഞിരുന്നു.

എന്നാല്‍ ശിവസേനക്കെതിരെ കലാകാരന്‍മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും അണി നിരത്തി പ്രതിഷേധിക്കുമെന്നും കേരളത്തില്‍ ഗുലാം അലിയെ പാടിപ്പിക്കുമെന്നും ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സ്വരലയ പരിപാടി സംഘടിപ്പിച്ചത്.