ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് മത്സരത്തില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ തരംഗമാവുന്നത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ബാറ്റുകൊണ്ട് മാന്ത്രികത കാണിച്ച താരം ബൗളിങ്ങിലും തിളങ്ങിയിരുന്നു.
ഇംഗ്ലണ്ട് നിരയിലെ ഓപ്പണര്‍മാരുടെയടക്കം മൂന്ന് വിക്കറ്റാണ് ബുംറ നേടിയത്. മുന്‍നിരയെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം തകര്‍ത്ത ബുംറ തന്നെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ട്രംപ് കാര്‍ഡ്.
എന്നാലിപ്പോള്‍ താരത്തിന്റെ ഒരു ആക്രോബാക്ടിക് ക്യാച്ചാണ് ക്രിക്കറ്റ് ലോകമൊന്നാകെ ചര്‍ച്ചയാകുന്നത്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെ പുറത്താക്കിയ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ അഭിനന്ദനമേറ്റുവാങ്ങുന്നത്.
ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 38ാം ഓവറിലായിരുന്നു ബുംറ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. ഷര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ ഓവറിലെ നാലാം പന്തായിരുന്നു ബുംറയുടെ 4D മികവ് പുറത്തെടുക്കാന്‍ സഹായിച്ചത്.
നാലാം പന്തില്‍ മിഡ് ഓഫിലേക്കെത്തിയ പന്ത് ഒരു കിടിലന്‍ ഡൈവിങ് ക്യാച്ചിലൂടെയാണ് ബുംറ കൈപ്പിടിയിലൊതുക്കിയത്. തൊട്ടുമുമ്പത്തെ പന്തില്‍ സ്റ്റോക്‌സിനെ കൈവിട്ടുകളഞ്ഞതിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു ഈ ക്യാച്ച്.
36 പന്തില്‍ നിന്നും 25 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ബെയര്‍സ്റ്റോയുമായി ഇന്നിങ്‌സ് കെട്ടിപ്പടുത്തുന്നതിനിടെ നിലയുറപ്പിച്ച സ്റ്റോക്‌സിനെ നഷ്ടമായതും ഇംഗ്ലണ്ടിന് തിരിച്ചടിയായി.
ബുംറയുടെ ക്യാച്ചിന്റെ വീഡിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് പങ്കുവെച്ചിട്ടുണ്ട്.
നേരത്തെയും സ്‌റ്റോക്‌സിന് ലൈഫ് ലഭിച്ചിരുന്നു. ഷര്‍ദുല്‍ താക്കൂറായിരുന്നു സ്റ്റോക്‌സിന്റെ ക്യാച്ച് നേരത്തെ പാഴാക്കിയത്.
അതേസമയം, ജോണി ബെയര്‍സ്‌റ്റോ തന്റെ ഉജ്ജ്വല ഫോം തുടരുകയാണ്. ഇന്നിങ്‌സിന്റെ ആദ്യ പകുതിയില്‍ മങ്ങിയെങ്കിലും പിന്നീടങ്ങോട്ട് ടി-20 ബെയര്‍സ്‌റ്റോയെ ആയിരുന്നു എഡ്ബാസ്റ്റണ്‍ കണ്ടത്. ചൊറിയാന്‍ പോയ കോഹ്‌ലിക്കുള്ള മറുപടി കൂടിയായിരുന്നു താരത്തിന്റെ ബാറ്റിങ്.
നിലവില്‍ 132 പന്തില്‍ നിന്നും 103 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയും 42 പന്തില്‍ നിന്നും 23 റണ്‍സുമായി സാം ബില്ലിങ്‌സുമാണ് ക്രീസില്‍.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്ത ഇംഗ്ലണ്ടിന് ലീഡ് നേടാന്‍ ഇനി 177 റണ്‍സ് കൂടി ആവശ്യമാണ്.
Content Highlight: Wonder Catch by Jasprit Bumrah in England vs India 5th Test