നിങ്ങൾ എന്നെ പ്രകോപിപ്പിക്കരുത്: പ്രതിപക്ഷത്തോട് ആക്രോശിച്ച് ശിവരാജ് ചൗഹാൻ
NATIONALNEWS
നിങ്ങൾ എന്നെ പ്രകോപിപ്പിക്കരുത്: പ്രതിപക്ഷത്തോട് ആക്രോശിച്ച് ശിവരാജ് ചൗഹാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 11:31 am

ന്യൂദൽഹി: കാർഷിക ക്ഷേമ മന്ത്രാലയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചക്കിടെ പ്രതിപക്ഷത്തിന് നേരെ ആക്രോശിച്ച് കേന്ദ്ര കർഷക ക്ഷേമ മന്ത്രി ശിവരാജ് ചൗഹാൻ. തന്നെ പ്രകോപിപ്പിക്കരുതെന്നും പ്രകോപിപ്പിച്ചാൽ നിങ്ങളെയാരെയും ഞാൻ വെറുതെ വിടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കർഷക വിരുദ്ധരാണെന്ന് പ്രതിപക്ഷം പറഞ്ഞതിന് പിന്നാലെയാണ് ശിവരാജ് ചൗഹാൻ പൊട്ടിത്തെറിച്ചത്.

കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാൻ ശിവരാജ് ചൗഹാൻ എഴുന്നേറ്റപ്പോൾ തന്നെ സഭ വിമർശനങ്ങൾ ഉയർത്താൻ തുടങ്ങിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഭരണ കാലയളവിലാണ് കർഷകർക്ക് ഉന്നമനം ഉണ്ടായെതെന്ന് ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആരംഭിച്ചത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയെ എതിർത്ത് പ്രതിപക്ഷം മുന്നോട്ട് വന്നു.

തുടർന്ന് ഇതേ സർക്കാർ തന്നെയാണ് കർഷകർക്ക് നേരെ വെടിയുതിർത്തതെന്ന് പ്രതിപക്ഷം ഓർമ്മിപ്പിച്ചു. ഇത് കേട്ടതോടെ ചൗഹാൻ രോഷാകുലനാവുകയായിരുന്നു.

‘എന്നെ നിങ്ങൾ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാൽ ഞാൻ നിങ്ങളെയാരെയും വെറുതെ വിടില്ല. കർഷകർക്ക് നേരെ വെടിയുതിർക്കുന്നതിനെക്കുറിച്ചാണോ കോൺഗ്രസ് സംസാരിക്കുന്നത്. ദിഗ്‌വിജയ് സിങ് ഇവിടെ ഇരിക്കുന്നുണ്ട് അദ്ദേഹത്തിന്റെ കയ്യിൽ 23 കർഷകരുടെ രക്തം പുരണ്ടിട്ടുണ്ട്,’ ചൗഹാൻ പറഞ്ഞു.

ദിഗ്‌വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മന്ദ്സൗറിൽ പ്രതിഷേധിച്ച 23 കർഷകർക്ക് നേരെ പൊലീസ് വെടിയുതിർത്തിരുന്നു. കൊല്ലപ്പെട്ട കർഷകരുടെ രക്തം അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോളും പുരണ്ടിട്ടുണ്ടെന്ന് ചൗഹാൻ വിമർശിച്ചു.

എന്നാൽ മിനിമം താങ്ങുവില എന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ സർക്കാർ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് പ്രതിപക്ഷം എൻ.ഡി.എ സർക്കാരിനെ വിമർശിച്ചു. കർഷകരുമായുള്ള ചർച്ചയിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് ചൗഹാൻ മറുപടി നൽകി. സർക്കാർ അതിനായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൗഹാൻ പ്രസംഗിക്കുമ്പോൾ തടസങ്ങൾ ഉണ്ടായതിൽ അപലപിക്കുന്നുവെന്ന് വൈസ് പ്രസിഡന്റ് ജഗദീപ് ധൻകർ പറഞ്ഞതോടെ പ്രതിപക്ഷം സഭയിൽ നിന്ന് വാക് ഔട്ട് നടത്തി.

 

എൻ.ഡി.എ സർക്കാർ കർഷകരോട് വഞ്ചനയാണ് കാണിക്കുന്നതെന്ന് ഹരിയാന എം.പി രൺദീപ് സുർജേവാല പിന്നീട് പറഞ്ഞു.

‘എൻ.ഡി. എ സർക്കാർ രാജ്യത്തെയും കർഷകരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കർഷകരോടവർ വലിയ വഞ്ചനയാണ് കാണിക്കുന്നത് ഇതിനെതിരെ പ്രത്യേക അവകാശ ലംഘന പ്രമേയം കൊണ്ടുവരും ,’ സുർജേവാല പറഞ്ഞു.

 

 

 

 

 

Content Highlight: ‘Won’t Spare You’: Shivraj Chouhan Fires at Opposition During Discussion on Farmers in RS