അദാനി ​ഗ്രൂപ്പ് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്ര സർക്കാർ
national news
അദാനി ​ഗ്രൂപ്പ് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്ര സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th March 2023, 2:15 pm

ന്യൂദൽഹി: അദാനി ​ഗ്രൂപ്പ് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് കേന്ദ്രം. വിഷയം കോടതിയുടെ പരി​ഗണനയിലാണെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ അദാനിയെ സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ മോദി ഭയപ്പെടുന്നതിന് പിന്നിൽ എന്തോ ഉണ്ടെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞിരുന്നു.

അദാനിയുടെ മേലുള്ള ജെ.പി.സിയെ എന്തിനാണ് മോദി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘നിങ്ങൾ എന്തിനാണ് അദാനിയുടെ മേലെയുളള ജെ.പി.സിയെ ഭയക്കുന്നത്? നിങ്ങൾക്കല്ലേ പാർലമെന്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളത്. എന്നിട്ടും നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ അതിൽ എന്തോ കുഴപ്പമുണ്ട്,’ അദ്ദേഹം വിജയ് ചൗകിൽ വെച്ച് നടന്ന പ്രതിഷേധത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ജനാധിപത്യത്തിലെ കറുത്ത നിറമാണെന്നും ഇതിന് മുമ്പ് ഇത്തരം ഒരു സംഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയെ വേട്ടയാടൽ ആരംഭിച്ചത്. ഭാരത് ജോഡോ യാത്രക്ക് ലഭിച്ച ജനപിന്തുണ കേന്ദ്ര സർക്കാറിനെ ഭയപ്പെടുത്തിയിട്ടുണ്ട്,’ ഖാർഗെ പറഞ്ഞു.

അതേസമയം അദാനി-മോദി ബന്ധത്തെക്കുറിച്ച് ചോദ്യമുന്നയിച്ചതിനാണ് തന്റെ ലോക്സഭാം​ഗത്വം റദ്ദാക്കിയതെന്ന് രാഹുൽ ​ഗാന്ധിയും പറഞ്ഞിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

‘അദാനിയുടെ ഷെൽ കമ്പനികൾക്ക് 20,000 കോടി രൂപ നൽകിയത് ആരാണെന്ന് ഞാൻ ചോദിച്ചു.

അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ ഞാൻ ചോദ്യം ചെയ്തു. അത് പുതിയ ബന്ധമൊന്നുമല്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതലുള്ളതാണിത്. അതിന് ഒരുപാട് തെളിവുകളും ഉണ്ടായിരുന്നു. ഇതിനെയാണ് ഞാൻ ചോദ്യം ചെയ്തത്. അദാനിയുമായി വളരെ സൗഹൃദത്തിലിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും, രാജ്യത്തെ എയർപോർട്ടുകൾ നിയമം ലംഘിച്ച് അദാനിക്ക് നൽകിയതിനെയും മറ്റ് തെളിവുകളും ഞാൻ സമർപ്പിച്ചു. ഇതിന് പിന്നാലെ ബി.ജെ.പി എനിക്കെതിരെയുള്ള നീക്കങ്ങൾ തുടങ്ങി. പാർലമെന്റിൽ ബി.ജെ.പി മന്ത്രിമാർ എനിക്കെതിരെ കുപ്രചരണം നടത്തി. മറുപടി പറയാൻ സ്പീക്കർ എനിക്ക് അനുമതി നൽകിയില്ല’ രാഹുൽ ഗാന്ധി പറഞ്ഞു.

ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 150ബില്യൺ ഡോളറിൽ നിന്ന് ഞൊടിയിടയിലാണ് അദാനിയുടെ ആസ്തി 53 ബില്യൺ ഡോളറായി ചുരുങ്ങിയത്. ഫോർബ്‌സിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 35 പേരുടെ പട്ടികയിൽ നിന്ന് അദാനി പുറത്താക്കപ്പെടുന്നതും ഇതിന് പിന്നാലെയായിരുന്നു. 120 ബില്യൺ ഡോളറിന്റെ ഇടിവാണ് അദാനി ഓഹരികൾക്ക് ഇതോടെയുണ്ടായത്.

Content Highlight: Won’t publish the details related to adani group accounts says center