മുംബൈയെ അദാനി നഗരമാക്കാന്‍ അനുവദിക്കില്ല, അധികാരത്തിലെത്തിയാൽ ധാരാവി പുനർവികസന ടെൻഡർ റദ്ദാക്കും: ഉദ്ധവ് താക്കറെ
national news
മുംബൈയെ അദാനി നഗരമാക്കാന്‍ അനുവദിക്കില്ല, അധികാരത്തിലെത്തിയാൽ ധാരാവി പുനർവികസന ടെൻഡർ റദ്ദാക്കും: ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2024, 4:46 pm

മുംബൈ: മുംബൈയെ അദാനി നഗരമാക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് മഹാവികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൗതം അദാനിക്ക് നല്‍കിയ ധാരാവി ചേരി പുനര്‍വികസന ടെന്‍ഡര്‍ പിന്‍വലിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

അദാനിക്ക് ടെന്‍ഡര്‍ നല്‍കുക വഴി ധാരാവിയിലെ സാധാരണക്കാരെയും ബിസിനസുകാരെയും പ്രദേശത്ത് നിന്ന് പിഴുതെറിയില്ലെന്ന് പാര്‍ട്ടി ഉറപ്പാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരാവിയിലെ ജനങ്ങള്‍ക്ക് പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വീടുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘അധികാരത്തിലെത്തിയ ശേഷം ധാരാവി ചേരി പുനര്‍വികസന പദ്ധതിയുടെ ടെന്‍ഡര്‍ ഞങ്ങള്‍ റദ്ദാക്കും. എന്തുകൊണ്ട് ടെന്‍ഡര്‍ പിന്‍വലിക്കാന്‍ സമ്മതിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മുംബൈയെ അദാനി നഗരമാക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല,’ ഉദ്ധവ് താക്കറെ പറഞ്ഞു.

ധാരാവിയുടെ പുനര്‍വികസന പദ്ധതി കരാറില്‍ വ്യക്തമാക്കിയിട്ടില്ലാത്ത അധിക ഇളവുകള്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇളവുകള്‍ നല്‍കില്ലെന്നും ആവശ്യമെങ്കില്‍ ഞങ്ങള്‍ പുതിയ ടെന്‍ഡര്‍ നല്‍കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

‘ലഡ്കി ബഹിന്‍ യോജന’ മാതൃകയില്‍ ‘ലഡ്ക മിത്ര’ പദ്ധതി തുടങ്ങാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഷിന്‍ഡെ സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് ഉദ്ധവ് താക്കറെ ചോദിച്ചു.

ധാരാവിയിലെ ജനങ്ങളെ ആട്ടിയോടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. ചേരി പുനരധിവാസ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്ന് താക്കറെ പറഞ്ഞു.

‘നഗരത്തില്‍ ഇത്തരം 20 പ്ലോട്ടുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അവ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ക്കോ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കോ വേണ്ടിയുള്ളതാണ്,’ ഉദ്ധവ് താക്കറെ പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും (യു.ബി.ടി) കോണ്‍ഗ്രസും ധാരാവി പുനര്‍വികസന പദ്ധതി ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. ധാരാവിയില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ സിറ്റിങ് എം.പിയായ രാഹുല്‍ ഷെവാലെയ്‌ക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം സ്ഥാനാര്‍ത്ഥി അനില്‍ ദേശായിയാണ് വിജയിച്ചത്.

Content Highlight: Won’t let Mumbai turn into Adani city, will scrap Dharavi project tender: Uddhav