ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഹെഗ്‌ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ കൂടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സ്വതന്ത്രരും മറ്റ് പാര്‍ട്ടികളിലെ എം.എല്‍.എമാരുമടക്കം 125 പേരുടെ പിന്തുണ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുണ്ടെന്നും പാണ്ഡെ പറഞ്ഞു.
‘കര്‍ണാടകയിലും മധ്യപ്രദേശിലും നിങ്ങള്‍ പ്രയോഗിച്ച തന്ത്രം രാജസ്ഥാനില്‍ വിലപ്പോവില്ല. എം.എല്‍.എമാരെല്ലാ ഒറ്റക്കെട്ടാണ്’
അതേസമയം ജൂണ്‍ 19ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ചോര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി സഖ്യകക്ഷി രംഗത്തെത്തി.
രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നഗൂര്‍ എം.പി ഹനുമാന്‍ ബേനിവാള്‍ നയിക്കുന്ന രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയ്ക്ക് മൂന്ന് എം.എല്‍.എമാരാണുള്ളത്. ബേനിവാളിന്റെ സഹോദരനും ഇവരില്‍പ്പെടുന്നു.
കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാര്‍ക്ക് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുകയാണ്. തങ്ങളുടെ എം.എല്‍.എമാര്‍ അവ നിഷേധിച്ചുവെന്നും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പഖ്രാജ് ഗാര്‍ഗ് പറഞ്ഞു.
200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എം.എല്‍.എമാരാണുള്ളത്. ആര്‍.എല്‍.ഡി, സി.പി.ഐ.എം, ബി.ടി.പി. സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണ കൂടി ചേരുമ്പോള്‍ 125 പേര്‍ സര്‍ക്കാരിനൊപ്പമുണ്ട്. ബി.ജെ.പി 72 എ.എല്‍.എമാരും സഖ്യകക്ഷിയായ ആര്‍.എല്‍.പിയ്ക്ക് മൂന്ന് എം.എല്‍.എമാരുമാണുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക