പുല്‍വാമ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് വിദ്വേഷ പ്രചാരണങ്ങള്‍ കത്തിനില്‍ക്കെ വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അസ്സമിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ അമിത് ഷാ ഇതിനെ തടയാനാണ് സംസ്ഥാനത്ത് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നതെന്നും അഭിപ്രായപ്പെട്ടു. നുഴഞ്ഞ് കയറ്റക്കാരെ കണ്ടെത്തി ബി.ജെ.പി അവരെ വെളിയിലേക്ക് തള്ളുമെന്നും അമിത് ഷാ വ്യക്തമാക്കി.
“” അസമിനെ മറ്റൊരു കശ്മീരാക്കില്ല. ഇത് ഞങ്ങളുടെ പ്രതിജ്ഞയാണ്. പൗരത്വ ഭേദഗതി ബില്‍ സംസ്ഥാനത്തിന് നല്ലതാണ്. നുഴഞ്ഞ് കയറ്റക്കാര്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഇതുപകരിക്കും”” വടക്കന്‍ ലഖിംപൂറില്‍ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ദേശീയാധ്യക്ഷന്റെ വിദ്വേഷ പരാമര്‍ശം.
നുഴഞ്ഞ് കയറ്റത്തിന് സഹായിച്ചത് കോണ്‍ഗ്രസും മുന്‍ സഖ്യ കക്ഷിയായ അസം ഗണ പരിഷത്തുമാണെന്നും ഷാ ആരോപിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാന്‍ ഇതുവരെ കോണ്‍ഗ്രസിനായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പുല്‍വാമ ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് വൈകാതെ മോദി സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും ഷാ പറഞ്ഞു.