| Saturday, 5th December 2020, 11:40 am

'എല്ലാ ദിവസവും ഇങ്ങനെ ചര്‍ച്ച ചെയ്യാനാവില്ല, ഇന്ന് തീരുമാനിക്കണം'; നിയമം റദ്ദാക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരുമായി എല്ലാ ദിവസവും ചര്‍ച്ച നടത്താന്‍ തങ്ങള്‍ക്കാവില്ലെന്നും കേന്ദ്രത്തിന്റെ കാര്‍ഷിക വിരുദ്ധ നിയമം റദ്ദാക്കുന്നതില്‍ കുറഞ്ഞൊരാവശ്യവും തങ്ങള്‍ക്ക് മുന്നോട്ടുവെക്കാനില്ലെന്നും കിസാന്‍ സംയുക്ത് മോര്‍ച്ച അധ്യക്ഷന്‍ രാംപാല്‍ സിങ്.

കേന്ദ്രസര്‍ക്കാര്‍ എല്ലാ ദിവസവും ഇങ്ങനെ ചര്‍ച്ച വിളിക്കുന്നതില്‍ കാര്യമില്ല. നിയമം റദ്ദാക്കണം. അതില്‍ കുറഞ്ഞ ഒരാവശ്യവും ഞങ്ങള്‍ക്ക് മുന്നോട്ടുവെക്കാനില്ല. അത് അവര്‍ അംഗീകരിച്ചാല്‍ സമരം അവസാനിക്കും. അവര്‍ ഇപ്പോഴും ഭേദഗതിയെ കുറിച്ചാണ് സംസാരിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

കര്‍ഷരുമായി നാല് തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കാണാന്‍ സര്‍ക്കാരിനായിരുന്നില്ല. രാജ്‌നാഥ് സിങ്ങും കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും കര്‍ഷകരുമായി ചര്‍ച്ചക്ക് ഇരുന്നെങ്കിലും സമവായത്തിലെത്താന്‍ സര്‍ക്കാരിനായിരുന്നില്ല.

തുടര്‍ന്ന് ഇന്ന് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനേയും വസതിയിലേക്ക് വിളിച്ച് യോഗം ചേരുകയാണ്. കര്‍ഷക സമരം കേന്ദ്രസര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്ന ഘട്ടത്തില്‍ കൂടിയാണ് പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്.

നേരത്തെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാനുള്ള ചുമതല അമിത് ഷായെ ആയിരുന്നു ഏല്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് അമിത് ഷായുടെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം രാജ്‌നാഥ് സിങ്ങും കേന്ദ്രകൃഷിമന്ത്രിയും കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ആ ചര്‍ച്ചയില്‍ തീരുമാനമായില്ല. തുടര്‍ന്ന് വീണ്ടും അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തി. ഇതിലും പരിഹാരം കാണാന്‍ സര്‍ക്കാരിനായില്ല. തുടര്‍ന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടുന്നത്.

കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.

നിയമം പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.

ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ‘Won’t have talks everyday, today we’ll only talk about scrapping’

We use cookies to give you the best possible experience. Learn more