മുഖ്യമന്ത്രി എന്നാല്‍ സാധാരണക്കാരനാണ്; ഉയര്‍ന്ന ജോലി കിട്ടിയാല്‍ ഞാന്‍ അതിന് പോകും: പഞ്ചാബ് ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
national news
മുഖ്യമന്ത്രി എന്നാല്‍ സാധാരണക്കാരനാണ്; ഉയര്‍ന്ന ജോലി കിട്ടിയാല്‍ ഞാന്‍ അതിന് പോകും: പഞ്ചാബ് ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 7:20 am

ചണ്ഡീഗഡ്: മുഖ്യമന്ത്രി എന്നാല്‍ സാധാരണക്കാരന്‍ ആണെന്ന് ആം ആദ്മി പാര്‍ട്ടി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍. ഉയര്‍ന്ന ജോലി ലഭിച്ചാല്‍ അതിന് പോകുമെന്നും ഭഗവന്ത് മന്‍ പറഞ്ഞു. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കും എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയായാല്‍ അതൊന്നും തന്റെ തലയില്‍ കയറില്ലെന്നും പ്രശസ്തി എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഇനിയും ആളുകള്‍ക്കിടയില്‍ പോയി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കും. ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്റെ രാഷ്ട്രീയം എന്റെ തലയെ താറുമാറാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്കൊന്നും പുതിയ കാര്യമല്ല,’ മന്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ പഞ്ചാബ് സ്വപ്നങ്ങളുടെ പഞ്ചാബാണ്. പഴയ പഞ്ചാബിനെ തിരികെ ലഭിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു,’ മന്‍ അഭിപ്രായപ്പെട്ടു.

പഞ്ചാബിനെ വീണ്ടും പഞ്ചാബ് ആക്കും. ഇത് പാരീസോ ലണ്ടനോ കാലിഫോര്‍ണിയയോ ആക്കേണ്ടതില്ല. അങ്ങനെ ആക്കണമെന്നത് മറ്റ് പാര്‍ട്ടികളുടെ സ്വപ്നങ്ങളായിരുന്നു. എന്നാല്‍ അവര്‍ തോല്‍ക്കാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിന്ന് മാഫിയകളെ ഇല്ലാതാക്കല്‍ ആയിരിക്കും താന്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യം ചെയ്യാന്‍ പോകുന്ന കാര്യമെന്നും മന്‍ പറയുന്നു.

‘മണല്‍ മാഫിയ, ഭൂമാഫിയ, കേബിള്‍ മാഫിയ, ട്രാന്‍സ്‌പോര്‍ട്ട് മാഫിയ, എക്‌സൈസ് മാഫിയ എന്നിവയെല്ലാം കൊണ്ട് പഞ്ചാബ് നിറഞ്ഞിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് പഞ്ചാബിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ലഭ്യമായ  11 എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആകെയുള്ള 117 സീറ്റുകളില്‍ 63 എണ്ണത്തിലും ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്നാണ് പറയുന്നത്.

ഇന്നാണ് പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥനങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുന്നത്.


Content Highlights: “Won’t Go To My Head If I Become Chief Minister”: AAP’s Bhagwant Mann