നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും സൗജന്യ ചികിത്സ വേണമെങ്കില്‍ എം.പിയായി തുടരണമെന്ന് അവര്‍ പറഞ്ഞു; രാജിപിന്‍വലിക്കുന്നെന്ന് കേന്ദ്രമന്ത്രി
India
നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും സൗജന്യ ചികിത്സ വേണമെങ്കില്‍ എം.പിയായി തുടരണമെന്ന് അവര്‍ പറഞ്ഞു; രാജിപിന്‍വലിക്കുന്നെന്ന് കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th December 2020, 4:48 pm

ബറൗച്ച്: പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ.

പാര്‍ട്ടിയില്‍ നിന്ന് രാജിപ്രഖ്യാപിച്ച് പിറ്റേന്നാണ് തീരുമാനം പിന്‍വലിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പാട്ടീല്‍, മുഖ്യമന്ത്രി വിജയ് രൂപാണി എന്നീ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്.

ബറൂച്ചില്‍ നിന്ന് ആറ് തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം.

ചൊവ്വാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്ന് വാസവ രാജിവച്ചത്. തന്റെ തെറ്റുകള്‍ കാരണം പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് പോറലേല്‍ക്കാതിരിക്കാനാണ് രാജിവയ്ക്കുന്നത് എന്ന് രാജി കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ എം.പി സ്ഥാനവും രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു.

ബറൂച്ചില്‍ നിന്ന് 6 തവണ എം.പിയായി ജയിച്ച വാസവ, ഒന്നാം മോദി സര്‍ക്കാരില്‍ ആദിവാസി ക്ഷേമവകുപ്പ് സഹമന്ത്രിയായിരുന്നു. നര്‍മദ ജില്ലയിലെ 121 ജില്ലകളെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെയായിരുന്നു രാജി. എന്നാല്‍ ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിചിത്രമായ ന്യായമാണ് രാജി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്.

”എം.പിയായി തുടര്‍ന്നാല്‍ മാത്രമേ നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നോട് പറഞ്ഞു. എം.പി സ്ഥാനം രാജിവെച്ചാല്‍ ഇത് സാധ്യമാകില്ല. പാര്‍ട്ടി നേതാക്കള്‍ എന്നോട് വിശ്രമിക്കാന്‍ ആവശ്യപ്പെടുകയും തനിക്ക് വേണ്ടി പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരന്തരം പ്രവര്‍ത്തിക്കുമെന്ന ഉറപ്പും അവര്‍ നല്‍കിയിട്ടുണ്ട്.

എന്റെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാനും എം.പി സ്ഥാനം ഒഴിയാനും ഞാന്‍ തീരുമാനിച്ചത്. ഇന്ന് ഞാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇപ്പോള്‍ ബി.ജെ.പി മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ ഞാന്‍ രാജി പിന്‍വലിക്കുകയാണ്. എം.പിയെന്ന നിലയില്‍ ഞാന്‍ എന്റെ ജനങ്ങളെ സേവിക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു.

നര്‍മദ ജില്ലയിലെ ആദിവാസികളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ സര്‍ക്കാരുമായും ഭരണകക്ഷിയായ ബി.ജെ.പിയുമായും ഇദ്ദേഹത്തിന് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

ഇക്കോ സെന്‍സിറ്റീവ് സോണില്‍ 121 ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും ഇദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. എന്നാല്‍ ബി.ജെ.പി നേതാക്കളുമായി സംസാരിച്ച ശേഷം വിഷയത്തില്‍ മലക്കം മറിഞ്ഞുള്ള പ്രതികരണമാണ് അദ്ദേഹം നല്‍കിയത്.

‘ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ അവരുടെ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പാര്‍ട്ടിയുമായോ സര്‍ക്കാരുമായോ എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ ഗോത്രവര്‍ഗക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, അദ്ദേഹം പറഞ്ഞു.

തന്റെ മണ്ഡലത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ തനിക്ക് യോജിപ്പിച്ചില്ലെന്നായിരുന്നു രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്താനും അതിന്റെ മൂല്യങ്ങള്‍ സ്വാംശീകരിക്കാനും താന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് പറഞ്ഞിരുന്നു.

‘ഞാന്‍ ആത്യന്തികമായി ഒരു മനുഷ്യനാണ്, മനുഷ്യര്‍ തെറ്റുകള്‍ വരുത്തുന്നു. എന്റെ തെറ്റുകള്‍ കാരണം പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നു, അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു,’ എന്നാണ് കത്തില്‍ എഴുതിയത്.

പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ താന്‍ ലോക്‌സഭാ സ്പീക്കറെ കാണുകയും എം.പി സ്ഥാനം രാജിവെക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ താങ്കള്‍ പറഞ്ഞ ആ തെറ്റ് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും ഇദ്ദേഹം ഒഴിഞ്ഞുമാറി. ”എനിക്ക് ബി.ജെ.പിയുമായോ സര്‍ക്കാരുമായോ യാതൊരു പ്രശ്‌നവുമില്ല. ഒരേയൊരു കാര്യം, എന്റെ അനാരോഗ്യപ്രശ്‌നങ്ങളാണ്. ഞാന്‍ ഒരു എം.പിയാണെങ്കിലും, ഈ നടുവേദന കാരണം എനിക്ക് കൂടുതല്‍ യാത്ര ചെയ്യാനും എന്റെ ആളുകള്‍ക്കൊപ്പം ജീവിക്കാനും കഴിഞ്ഞില്ല, ഇത് ഇപ്പോള്‍ എന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു,”

എന്റെ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ എം.പിയായി തുടരരുത്. എന്റെ തീരുമാനത്തിന് ഇക്കോ സെന്‍സിറ്റീവ് സോണുമായി ഒരു ബന്ധവുമില്ല. ഇത് ഉടന്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് ആത്മവിശ്വാസമുണ്ട്, അദ്ദേഹം പറഞ്ഞു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ