ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
national news
ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2024, 2:10 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി. താൻ മുഖ്യമന്ത്രിയായാലും കേന്ദ്രഭരണപ്രദേശത്ത് പാർട്ടിയുടെ അജണ്ട നിറവേറ്റാൻ തനിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന തന്റെ നയം വ്യക്തമാക്കിയത്. പകരം മകൾ ഇൽജിത മുഫ്തിയാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്.

‘12000 പേർക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കിയ ബി.ജെ.പിക്കൊപ്പമുള്ള ഒരു മുഖ്യമന്ത്രിയായിരുന്നു ഞാൻ. ഇനി നിലവിൽ വരുന്ന സർക്കാരിന് അത് സാധിക്കുമോ? ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ വിഘടനവാദികളെ സമാധാന സന്ധിക്ക് വിളിച്ചു ഇനിയത് സാധിക്കുമോ,’ അവർ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള നാഷണൽ കോൺഫറൻസ് മേധാവി ഒമർ അബ്ദുള്ളയുടെ മനംമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾക്ക് അധികാരമില്ലാതെ മത്സരിച്ചിട്ട് കാര്യം ഇല്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. ‘ഒരു പ്യൂണിനെ സ്ഥലം മാറ്റുന്നതിന് ലഫ്റ്റനൻ്റ് ഗവർണറുടെ വാതിൽക്കൽ നിൽക്കേണ്ടിവരുമെന്ന് ഒമർ തന്നെ പറഞ്ഞിരുന്നു. സ്വന്തം പാർട്ടിയുടെ അജണ്ടകൾ നടപ്പിലാക്കാൻ സാധിക്കാതെ വരുന്നത് വിഷമകരമാണ്,’ അവർ കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഒമർ അബ്ദുള്ള തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഗന്ദർബാൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

പാർട്ടിയുടെ സഖ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ ഒറ്റക്ക് പോരാടിയിട്ടുണ്ടെന്ന് മുഫ്തി പറഞ്ഞു.

‘1999ൽ ഞങ്ങളുടെ പാർട്ടി രൂപീകരിച്ചതു മുതൽ ഞങ്ങൾ ഒറ്റയ്ക്ക് പോരാടിയിട്ടുണ്ട്. ഞങ്ങൾ ജനങ്ങളുടെ സഹായത്തോടെയാണ് പോരാടിയത്. ജനങ്ങളെ സഹായിക്കാൻ. ഞങ്ങൾ കോൺഗ്രസിൻ്റെ ഭാഗമായിരുന്നു, ഞാൻ ഒരു സി.എൽ.പി നേതാവായിരുന്നു, എന്റെ പിതാവ് മുഫ്തി മുഹമ്മദ് സയീദ് ഒരു എം.പി ആയിരുന്നു,’ അവർ കൂട്ടിച്ചേർത്തു.

പി.ഡി.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പാർട്ടി നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നയതന്ത്ര ചർച്ചകൾ നടത്തുമെന്നും കശ്മീരി പണ്ഡിറ്റുകളുടെ കശ്മീർ താഴ്വരയിലേക്കുള്ള തിരിച്ച് വരവ് ഉറപ്പാക്കുമെന്നും പറയുന്നു.

10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. അന്ന് ബി.ജെ.പിയുടെ പിന്തുണയോടെ പി.ഡി.പി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 2018ല്‍ ബി.ജെ.പി പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭരണം ഗവര്‍ണര്‍ ഏറ്റെടുക്കുകയായിരുന്നു.

 

 

Content Highlight: Won’t Contest J&K Elections, Says Mehbooba Mufti, Explains Reason