| Tuesday, 21st June 2022, 4:11 pm

'ബാലാസാഹിബിന്റെ ആശയങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഹിന്ദുത്വരാണ് ഞങ്ങള്‍, അധികാരത്തിന് വേണ്ടി ചതിക്കില്ല'; ശിവസേന എം.എല്‍.എ ഏക് നാഥ് ഷിന്‍ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെ അധികാരത്തിന് വേണ്ടി ആരെയും ചതിക്കില്ലെന്ന് മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ഏക് നാഥ് ഷിന്‍ഡെ. 21 എം.എല്‍.എമാരോടൊപ്പം ഗുജറാത്തിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയതിന് പിന്നാലെ ഷിന്‍ഡെയെ നിയമസഭാ കക്ഷി സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

ട്വിറ്ററിലൂടെയായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം. ‘ഞങ്ങള്‍ ബാലാസാഹിബിന്റെ ആശയങ്ങളില്‍ അടിയുറച്ച ശിവസൈനികരാണ്. ബാലാസാഹിബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. ബാലാസാഹിബിന്റെ ചിന്തകളെയും ധര്‍മ്മവീര്‍ ആനന്ദ് ദിഘെ സാഹിബിന്റെ പാഠങ്ങളെയും അധികാരത്തിനുവേണ്ടി ഞങ്ങള്‍ ഒരിക്കലും വഞ്ചിച്ചിട്ടില്ല,’ ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡി സഖ്യത്തിന് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായത്.

എം.എല്‍.എമാരുമായി ഒളിവില്‍ പോയതിന് പിന്നാലെ പൊതുമരാമത്ത് മന്ത്രിയും നിയമസഭാ കക്ഷി നേതാവുമായ ഏക് നാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.

ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ നിന്നും മഹാവികാസ് അഗാഡി സര്‍ക്കാരിന്റെ 16 എം.എല്‍.എമാര്‍ മാത്രമാണ് വിട്ടുനിന്നത്. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ മാറേണ്ട അവസ്ഥ വരെ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തലുകള്‍.

പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിന്‍ഡെ എം.എല്‍.എമാരുമായി ഒളിവില്‍ പോയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 22 എം.എല്‍.എമാരോടൊപ്പം ഗുജറാത്തിലെ റിസോര്‍ട്ടിലാണ് ഷിന്‍ഡെയെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Content Highlight: Won’t cheat anyone for power says shinde amid crisis in maharashtra government

We use cookies to give you the best possible experience. Learn more