'ഇംഗ്ലണ്ട് 400 റണ്‍സിന് മുകളില്‍ പോയാലും അത്ഭുതപ്പെടാനില്ല'; കോമഡിയായി മൈക്കല്‍ വോണിന്റെ പ്രവചനം; പിന്നാലെ ട്രോളുകള്‍
Cricket
'ഇംഗ്ലണ്ട് 400 റണ്‍സിന് മുകളില്‍ പോയാലും അത്ഭുതപ്പെടാനില്ല'; കോമഡിയായി മൈക്കല്‍ വോണിന്റെ പ്രവചനം; പിന്നാലെ ട്രോളുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th July 2022, 9:24 pm

ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 25 ഓവറില്‍ 110ന് ആള്‍ ഔട്ട് ആയിരിക്കുകയായിരുന്നു ഇംഗ്ലണ്ട്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് ഇംഗ്ലണ്ട് ബാറ്റിങിന്റെ മുനയൊടിച്ചത്.

32 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ട് നിരയില്‍ നാല് പേര്‍ പൂജ്യരായി മടങ്ങി. നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. വാലറ്റത്ത് ഡേവിഡ് വില്ലി (21), ബ്രൈഡന്‍ കാര്‍സ് (15) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്തിയത്. ഒരു ഘട്ടത്തില്‍ എട്ടിന് 68 റണ്‍സെന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് ഏകദിനത്തില്‍ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് മുന്നില്‍ കണ്ടിരുന്നു.

ഇതിനിടയില്‍ ചര്‍ച്ചയായിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കല്‍ വോണിന്റെ പ്രവചനം.
ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 400 റണ്‍സിന് മുകളില്‍ അടിച്ചാലും താന്‍ അത്ഭുതപ്പെടില്ലെന്നായിരുന്നു വോണിന്റെ പ്രവചനം.

അതിശക്തമായ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിനുള്ളതെന്നും കെന്നിംഗ്ടണ്‍ ഓവലിലേത് ഫ്‌ലാറ്റ് വിക്കറ്റാണെന്നും വോണ്‍ പറഞ്ഞു. ക്രിക്ക്ബസിനോടായിരുന്നു വോണിന്റെ പ്രതികരണം.

ബാറ്റിങ് നിരയില്‍ ലിവിങ്സ്റ്റണും ഉണ്ടാവും. ലൈനപ്പ് എങ്ങനെയാവുമെന്ന് നിങ്ങള്‍ക്ക് കൃത്യമായി അറിയില്ല. പക്ഷേ, റൂട്ടും ബെയര്‍‌സ്റ്റോയും സ്റ്റോക്‌സും ഉറപ്പായും കളിക്കും. ബ്രൈഡന്‍ കാഴ്‌സിനെ ശ്രദ്ധിക്കുക. അയാള്‍ വേഗത്തില്‍ പന്തെറിയും. ഗ്ലീസണിന്റെ ആംഗിളിനു സമാനമാണ്. അയാള്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ കളിക്കും. ഇംഗ്ലണ്ട് കരുത്തരായിരിക്കും. വിക്കറ്റ് ഫ്‌ലാറ്റ് ആയിരിക്കും. നെതര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ട് 498 അടിച്ചു. അത് ഇന്ത്യക്കെതിരെ കഴിഞ്ഞേക്കില്ല. പക്ഷേ, ഇംഗ്ലണ്ട് 400നു മുകളില്‍ സ്‌കോര്‍ ചെയ്താലും ഞാന്‍ അത്ഭുതപ്പെടില്ലെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.