'മാപ്പ് പറയില്ല'; ട്രാൻസ്ജൻഡർ പരിഹാസത്തിനെതിരായ വിമർശനങ്ങൾ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി
World News
'മാപ്പ് പറയില്ല'; ട്രാൻസ്ജൻഡർ പരിഹാസത്തിനെതിരായ വിമർശനങ്ങൾ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th February 2024, 10:26 am

ലണ്ടൻ: പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമർക്കെതിരെ നടത്തിയ ജൻഡർ ഐഡന്റിറ്റി പരാമർശത്തിൽ മാപ്പ് പറയാൻ വിസമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.

യു.കെയിൽ ഒരു ട്രാൻസ്ജൻഡർ പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വലിയ വിമർശനമാണ് ഋഷി സുനക് നേരിടുന്നത്.

ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന അഭിപ്രായ സർവേകളിലെല്ലാം സുനകിന്റെ കൺസർവേറ്റീവ് പാർട്ടി പിന്നിലാണ്. തുടർന്ന് സ്വത്വ രാഷ്ട്രീയം ആയുധമാക്കി ലേബർ പാർട്ടി അമിതമായി ലിബറൽ ചിന്താഗതി വെച്ചുപുലർത്തുകയാണ് എന്ന് സ്ഥാപിക്കുകയാണ് കൺസർവേറ്റീവ് പാർട്ടി.

ഫെബ്രുവരി എട്ടിന് പാർലമെന്റ് ചർച്ചക്കിടയിൽ ‘ഒരു സ്ത്രീയെ എങ്ങനെ നിർവചിക്കണമെന്നത്’ ലേബർ പാർട്ടി നേതാവ് മാറ്റിയെടുത്തു എന്ന് സുനക് പറഞ്ഞു. ഈ സമയം കൊല്ലപ്പെട്ട ട്രാൻസ്ജൻഡർ പെൺകുട്ടി ബ്രിയന്ന ഗേയുടെ അമ്മ എസ്തർ ഗേ ഗാലറിയിൽ ഉണ്ടായിരുന്നു.

സുനകിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും പെൺകുട്ടിയുടെ പിതാവ് സ്‌കൈ ന്യൂസിനോട് പറഞ്ഞു.

പ്രധാനപ്പെട്ട നയങ്ങളിൽ ലേബർ പാർട്ടി അവരുടെ മനസ്സ് മാറ്റിയതിനെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് കൺസർവേറ്റീവ് പാർട്ടി വിശദീകരണം നൽകി. എന്നാൽ ഒരു കുടുംബത്തിന്റെ ദുരന്തത്തെ വിവേകശൂന്യമായി ചൂഷണം ചെയ്യുകയാണ് സുനക് എന്ന് പ്രതിപക്ഷം ആരോപിച്ചു.

തനിക്ക് പെൺകുട്ടിയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും എന്നാൽ തികച്ചും വ്യത്യസ്തമായ തന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയാണെന്നും സുനക് മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാന നയങ്ങളിൽ മലക്കം മറിയുന്ന കെയ്ർ സ്റ്റാമറുടെ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHT: won’t apologize on transgender jibe says British PM