അമൃത്സര്‍: പഞ്ചാബില്‍ അമരീന്ദര്‍ സിംഗ്- നവ്‌ജ്യോത് സിംഗ് സിദ്ധു തര്‍ക്കം പുതിയ തലത്തിലേക്ക്. സിദ്ധു ദല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കണ്ടതിന് പിന്നാലെ പ്രതികരണവുമായി അമരീന്ദര്‍ സിംഗ് ക്യാംപിലെ നേതാക്കള്‍ രംഗത്തെത്തി.
സിദ്ധുവിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. വേണമെങ്കില്‍ സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്നും ചിലര്‍ നിലപാടെടുത്തു.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ അടിത്തട്ടില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലെത്തിയ നിരവധി നേതാക്കള്‍ സംസ്ഥാനത്തുണ്ട്. അവരെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നാണ് ഇവരുടെ നിലപാട്.
ബുധനാഴ്ചയാണ് രാഹുലും പ്രിയങ്കയുമായി സിദ്ധു കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബ് കോണ്‍ഗ്രസിലെ വിവിധ നിലപാടുകള്‍ക്കെതിരെ പരസ്യമായ വിമര്‍ശനവുമായി സിദ്ധു രംഗത്തെത്തിയിരുന്നു.