കൊല്‍ക്കത്ത: നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍ വിശ്വഭാരതി സര്‍വ്വകലാശാലയുടെ ഭൂമി കയ്യേറിയെന്ന ആരോപണത്തിനെതിരെ ബംഗാളില്‍ പ്രതിഷേധം ശക്തമാകുന്നു. മോദി വിമര്‍ശകനായതുകൊണ്ടാണ് സെന്നിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ബി.ജെ.പി അഴിച്ചുവിടുന്നതെന്ന് വിമര്‍ശകര്‍ പറഞ്ഞു. അമര്‍ത്യ സെന്നിന് പിന്തുണ അറിയിച്ചുകൊണ്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഞായറാഴ്ച വലിയരീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചു.
‘സ്വതന്ത്ര ചിന്താഗതിക്കാരോട് ബി.ജെ.പി എല്ലായ്‌പ്പോഴും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട്. ഞങ്ങളുടെ പ്രതിഷേധത്തിന് ശബ്ദമുയര്‍ത്താനാണ് ഇവിടെ ഒത്തുകൂടിയത്. മുഖ്യമന്ത്രി മമത ബാനര്‍ജി അമര്‍ത്യ സെന്നിന് ഐക്യദാര്‍ഢ്യം നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്,”
നടനും നാടകരചയിതാവും മന്ത്രിയുമായിരുന്ന ബ്രാത്യ ബസു പറഞ്ഞു.
അമര്‍ത്യ സെന്നിനെപ്പോലുള്ള വ്യക്തിക്ക് നേരെ വിശ്വഭാരതി നടത്തുന്ന സ്വേച്ഛാധിപത്യപരമായ പെരുമാറ്റത്തിനെതിരെ പ്രതിഷേധിക്കുന്നതായി കവി ജോയ് ഗോസ്വാമി പറഞ്ഞു.
അമര്‍ത്യ സെന്നിന്റെ കുടുംബം വിശ്വഭാരതി സര്‍വകലാശാലയുടെ ഭൂമി കയ്യേറി എന്ന ആരോപണം ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അമര്‍ത്യ സെന്‍ അടക്കം 77 പേര്‍ സര്‍വകലാശാലയുടെ ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്നാണ് വി.സി വിദ്യുത് ചക്രവര്‍ത്തിയുടെ ആരോപണം. അമര്‍ത്യ സെന്നിന്റെ വീടായ ‘പ്രതീചി’യും അതിലുണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ ആരോപണം നിഷേധിച്ചു കൊണ്ട് അമര്‍ത്യാ സെന്‍ തന്നെ രംഗത്തുവന്നു. ആരോപണമുന്നയിച്ച വൈസ് ചാന്‍സലര്‍ ബംഗാളില്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നവരുടെ ചട്ടുകമാവുകയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
നൊബേല്‍ ജേതാവ് രവീന്ദ്രനാഥ ടഗോര്‍ സ്ഥാപിച്ച ശാന്തിനികേതനിലാണ് വിശ്വഭാരതി സര്‍വകലാശാല. ശാന്തി നികേതനില്‍ 1933ലാണ് അമര്‍ത്യ സെന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ക്ഷിതിമോഹന്‍ സെന്‍ ടഗോറിനൊപ്പം വിശ്വഭാരതി രൂപീകരിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു. പ്രമുഖ വ്യക്തികള്‍ക്കു വീടുവയ്ക്കാന്‍ 99 വര്‍ഷത്തെ പാട്ടത്തിന് സ്ഥലം നല്‍കിയതും ടഗോറാണ്. തന്റെ വീടിരിക്കുന്ന സ്ഥലം ഇങ്ങനെ കിട്ടിയതാണെന്നും ദീര്‍ഘകാല പാട്ടത്തിന് രജിസ്റ്റര്‍ ചെയ്തതാണെന്നും സെന്‍ വ്യക്തമാക്കിയിരുന്നു. പാട്ടത്തിന്റെ കാലാവധി കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥ അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും യു.എസില്‍ സ്ഥിരതാമസമാക്കിയ സെന്‍ പറഞ്ഞു.