| Monday, 27th April 2015, 1:20 pm

കല്ല്യാണിനെതിരെ നടന്നത് രണ്ട് സമരങ്ങള്‍; ഒന്ന് വംശീയതയ്‌ക്കെതിരെങ്കില്‍ മറ്റൊന്ന് തൊഴിലാളി വിരുദ്ധതയ്‌ക്കെതിരെ; രണ്ടിലും ചരിത്ര വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇവ രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ്. ഒന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ചൂടുന്ന കുടക്ക് കീഴില്‍ വിശ്രമിക്കുന്ന ഐശ്വര്യാ റായിയുടേത്. പശ്ചാത്തലത്തില്‍ കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തിളങ്ങുന്ന ലോഗോയും. അടുത്ത ചിത്രം കല്യാണ്‍ ചൂഷണത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന പോസ്റ്ററുകളുമായി സമരപന്തലിലിന് കീഴിലിരുന്ന് വിയര്‍ത്തൊലിക്കുന്ന ഒരു കൂട്ടം സ്ത്രീകളും.

ജ്വല്ലറി ശൃംഖലയ്ക്ക് പുറമെ കേരളത്തിലെ വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരാണ് കല്യാണ്‍. ഏറെ യാദൃശ്ചികമായാണ് വംശീയതയേയും അടിമത്തത്തെയും ആഘോഷമാക്കിയ ഐശ്വര്യാറായ് പ്രത്യക്ഷപ്പെടുന്ന പരസ്യം കല്യാണ്‍ ജ്വല്ലേഴ്‌സ് പിന്‍വലിക്കേണ്ടിവന്നതും, കല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്‌മെന്റിനെതിരെ നടത്തിയ സമരം വിജയിച്ചതും.

ഏപ്രില്‍ 25 ശനിയാഴ്ച്ചയാണ് തങ്ങളുടെ സമരം അവസാനിപ്പിച്ച് പത്മിനിയും മായാദേവിയും മറ്റ് നാല്‌പേരും ജോലിയില്‍ തിരികെ പ്രവേശിച്ചത്. ജോലി ചെയ്യുമ്പോള്‍ ഇരിക്കുക, ജോലിസമയത്ത് വാഷ്‌റൂമുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക തുടങ്ങിയ ജോലി ചെയ്യാനുള്ള അടിസ്ഥാന അവകാശങ്ങളാണ്് ഇവര്‍ കല്യാണ്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. അതില്‍ അവസാനം അവര്‍ വിജയിക്കുകയും ചെയ്തു.

സ്ഥലംമാറ്റം

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കല്ല്യാണ്‍ സാരീസിന്റെ തൃശ്ശൂര്‍ ശാഖയിലെ ആറ് സ്ത്രീ തൊഴിലാളികളെ മാനേജ്‌മെന്റ് മുന്‍കൂട്ടി അറിയിക്കാതെ സ്ഥലം മാറ്റിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്.

മെച്ചപ്പെട്ട ശമ്പളവും സൗകര്യങ്ങളും ആവശ്യപ്പെട്ടതായിരുന്നു ഇതിന് കാരണമെന്ന് ഒരു ജീവനക്കാരി പറഞ്ഞു. “11 മുതല്‍ 12 മണിക്കൂര്‍ വരെ ജോലിയെടുക്കുന്ന ഞങ്ങള്‍ക്ക് 4000-5000 രൂപവരെ മാത്രമാണ് ശമ്പളം ലഭിച്ചിരുന്നത്.” സമരക്കാരിലൊരാളായ മായാ ദേവി പറഞ്ഞു. “അതുകൊണ്ട് 7200 വരെ വര്‍ധിപ്പിച്ചെങ്കിലും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ പിന്നാലെയുണ്ടായിരുന്നു.” തങ്ങള്‍ യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചതാണ് പെട്ടന്നുണ്ടായ ഈ തീരുമാനത്തിന് കാരണമെന്നും അവര്‍ ആരോപിക്കുന്നു.

എന്നാല്‍, കമ്പനി ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയും സ്ഥലംമാറ്റത്തെ ന്യായീകരിക്കുകയും ചെയ്തു. ഒരു നിയമത്തെയും ഞങ്ങള്‍ അവഗണിച്ചിട്ടില്ലെന്നാണ് കല്ല്യാണ്‍ സാരീസിന്റെ വക്താവായ ശിവപ്രസാദ് നായര്‍ പറഞ്ഞത്. “കമ്പനിയുടെ നയമാണ് സ്ഥലംമാറ്റം. തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ടും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുമുണ്ട്.” ശിവപ്രസാദ് നായര്‍ പറഞ്ഞു.

അതേസമയം തൊഴിലാളികള്‍ക്ക് മറ്റൊരു കഥയാണ് പറയാനുണ്ടായിരുന്നത്. “എല്ലാമാസവും പ്രൊവിഡന്റ് ഫണ്ട് കട്ട് ചെയ്തിരുന്നവെന്ന് മാത്രമല്ല ഞങ്ങളുടെ പി.എഫ് നമ്പറോ പ്രൂഫോ ഞങ്ങള്‍ക്ക് നല്‍കിയിരുന്നുമില്ല.” സമരക്കാരിയായ പത്മിനി പറഞ്ഞു. “പോരാത്തതിന് ഞങ്ങള്‍ അറ്റന്റന്‍സ് രേഖപ്പെടുത്താന്‍ അല്‍പം വൈകിയാല്‍ ഞങ്ങളുടെ പകുതി ദിവസത്തെ ശമ്പളവും കട്ട് ചെയ്യുമായിരുന്നു.”

എന്നിരുന്നാലും സ്ഥലംമാറ്റം ഈ ആറ് തൊഴിലാളികളേയും ശരിക്ക് ഞെട്ടിച്ചുകളഞ്ഞു. ഇനി തിരിച്ച് പോക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് മനസ്സിലായി. അതോടെ തങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് ഡിസംബര്‍ 30 ന് ഷോറൂമിന്‍ മുമ്പില്‍ അവര്‍ ഇരിക്കല്‍ സമരം ആരംഭിച്ചത്. ഞങ്ങള്‍ക്ക് ജോലി വിട്ട് പോവാമായിരുന്നു എന്നാല്‍ അതിനപ്പുറം ചെയ്യാനുണ്ടെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ?

ടെക്‌സ്റ്റെയില്‍ വ്യവസായം കുതിച്ച് വളരുന്നതോടൊപ്പം ചുരുങ്ങിയ ശമ്പളത്തിന് അവര്‍ വ്യാപകമായി സ്ത്രീകളെ തൊഴിലെടുപ്പിക്കുന്നു. “വസ്ത്ര വ്യാപാര വ്യവസായം പ്രധാനമായും ലക്ഷ്യം വെക്കുന്നത് വനിതാ തൊഴിലാളികളെയാണ് കാരണം ഇതിന് വലിയ വിദ്യാഭ്യാസ യോഗ്യതയോ വൈദഗ്ദ്യമോ വേണ്ടതില്ല” ഇരിക്കല്‍ സമരത്തിന് മുന്‍കൈയ്യെടുത്ത അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ലിജുകുമാര്‍ പറഞ്ഞു. “തങ്ങളുടെ ജോലി ഭയന്ന് ആരുംതന്നെ ശബ്ദമുയര്‍ത്താത്തത് കൊണ്ട് ഈ മേഖലയില്‍ വ്യാപകമായി ചൂഷണങ്ങള്‍ നടക്കുകയാണ്.”

ഇരിക്കാനുള്ള അവകാശ സമരമെന്ന് വിളിക്കപ്പെടുന്ന ഞങ്ങളുടെ 106 ദിവസം നീണ്ട് നിന്ന സമരം ഷോറൂമിനകത്തെ നിരവധി ആഭ്യന്തര കാര്യങ്ങളെയാണ് പുറത്തേക്ക് കൊണ്ടുവന്നത്. രണ്ട് മിനിറ്റ് ഇരിക്കുക എന്നത് വലിയ ആഡംബര കാര്യം തന്നെയായിരുന്നു മായാദേവിയ്ക്ക്, അത് ആര്‍ത്തവസമയം ആയിരുന്നാല്‍ പോലും. ഇരിക്കാന്‍ സ്റ്റൂളോ കസേരയോ ഉണ്ടായിരുന്നില്ല. ആകെയുള്ള വഴി ടോയ്‌ലെറ്റിലേക്ക് പോവുക എന്നുള്ളതായിരുന്നു. എന്നാല്‍ വാഷ്‌റൂമിനുള്ളില്‍ ചെലവഴിക്കുന്ന ഓരോ അധിക നിമിഷവും കണക്കാക്കുകയും ക്യാമറകളുപയോഗിച്ച് തൊഴിലാളികളുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയും ചെയ്തിരുന്നു.

“അല്‍പനേരം ഇരിക്കാനോ വിശ്രമിക്കാനോ ഒരു സ്റ്റൂളോ കസേരയോ ഇല്ലാതിരുന്നത് ഏറെ പ്രയാസകരമാണ്” ദേവി പറഞ്ഞു. സൂപ്പര്‍വൈസര്‍മാരെല്ലാം പുരുഷന്‍മാര്‍ ആയിരുന്നത് കൊണ്ടുതന്നെ ഞങ്ങളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ അവരോട് പറയുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ചില സമയത്ത് ബാത്ത് റൂമിനു മുന്നില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിവെച്ച് അതിനു മുകളില്‍ ഇരിക്കുകയാണ് ഞങ്ങള്‍ ചെയ്യാറ്. ഒളിക്യാമറയുടെ മുന്നില്‍ നിന്നും മാറി ഇരിക്കാനുള്ള ആശയമായിരുന്നു അത്.

എന്നാല്‍ മാനേജ്‌മെന്റ്് പ്രശ്‌നത്തെ മറ്റൊരു രീതിയിലാണ് എടുത്തത്. ” കസ്റ്റമേഴ്‌സ് ഉപയോഗിക്കുന്ന അതേ വാഷ്‌റൂമുകളാണ് ഞങ്ങളുടെ ജീവനക്കാരും ഉപയോഗിക്കുന്നത്. അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയത് കൊണ്ടാണ് ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.”ശിവപ്രസാദ് നായര്‍ പറഞ്ഞു.

എന്നാല്‍ ഇരിക്കല്‍ സമരത്തിന് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ ലഭിക്കുകയും മറ്റു സാമൂഹ്യ സംഘടനകളും പ്രമുഖരും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. മൂന്ന് മാസമെടുത്തു ഈ പ്രശ്‌നത്തില്‍ മാനേജ്‌മെന്റിന്റെ കണ്ണ് തുറപ്പിക്കാന്‍. അങ്ങനെ ഏപ്രില്‍ 15ന് സമരം അവസാനിപ്പിച്ചു.

ഇതോടെ ഈ ആറ് വനിതാ തൊഴിലാളികളുടെയും സ്ഥലം മാറ്റം പിന്‍വലിച്ചു. അവരെ തൃശ്ശൂരിലെ കല്യാണ്‍ സാരീസ് ശാഖയില്‍ തിരികെ പ്രവേശിപ്പിക്കാനും തീരുമാനമായി. അതുപോലെ തൊഴിലാളികള്‍ക്ക് അവരുടെ സമരകാലത്തെ ശമ്പളം നല്‍കാനും തീരുമാനമായി. എന്തായാലും ഈ   തൊഴിലാളികള്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ് അവര്‍ക്കിനി എഴുമണിയ്ക്ക് വീട്ടിലേക്ക് പോകാം. പ്രോവിഡന്റ് ഫണ്ട് നമ്പറും സാലറി സ്ലിപ്പും അവര്‍ക്ക് ലഭിക്കും. അതുമാത്രമല്ല ഇരിക്കാന്‍ സ്റ്റൂളുകളും.

കടപ്പാട്:  പ്രീത നായര്‍, സ്‌ക്രോള്‍

We use cookies to give you the best possible experience. Learn more