| Monday, 7th January 2019, 8:53 am

വനിതാ മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചു; എന്‍.എസ്.എസില്‍ നിന്ന് സ്ത്രീകളുടെ രാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: വനിത മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചതിനെത്തുടര്‍ന്ന് സ്ത്രീകള്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെച്ചു. തലപ്പിള്ളി താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ സ്ത്രീകളാണ് രാജിവെച്ചത്.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ചതാണ് സ്ത്രീകളോട് വിശദീകരണം തേടാന്‍ കാരണം. വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗണ്‍സിലറും ഉള്‍പ്പടെയുള്ളവരാണ് ജനുവരി ഒന്നിന് നടത്തിയ വനിത മതിലില്‍ പങ്കെടുത്തത്.

ഇതിനെതിരേ യൂണിയന്‍ ഭാരവാഹികള്‍ രംഗത്തെത്തിയതോടെയാണ് സ്ത്രീകള്‍ എന്‍.എസ്.എസിലെ പദവികള്‍ രാജിവെച്ചത്.

ALSO READ: മുഖ്യമന്ത്രിയുടെ യാത്രാവിവരമടക്കം ബി.ജെ.പി നേതാക്കളുടെ കൈവശമെത്തി; പൊലീസില്‍ സംഘപരിവാര്‍ ശക്തികള്‍ പിടിമുറുക്കിയെന്ന് റിപ്പോര്‍ട്ട്

വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ടി എന്‍ ലളിത, മെമ്പര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്. വനിത മതിലില്‍ പങ്കെടുക്കുമെന്ന് ഇവര്‍ നേരത്തെ തന്നെ താലൂക്ക് യൂണിയന്‍ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഇരുവരും വനിതാ മതിലില്‍ പങ്കാളികളാകുകയായിരുന്നു.

മാത്രമല്ല ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് സമുദായംഗങ്ങളായ മറ്റ് ചിലരും വനിതാ മതിലില്‍ പങ്കെടുത്തിരുന്നു. മതിലില്‍ അണി ചേരുക മാത്രമായിരുന്നില്ല, അത്താണിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് ലളിത സംസാരിക്കുകയും എന്‍.എസ്.എസ് നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ALSO READ: കേരളത്തിനെതിരെ നുണ പറഞ്ഞ് മോദി; ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നു കൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

വിലക്ക് ലംഘിച്ച് ഇവര്‍ വനിതാ മതിലില്‍ പങ്കെടുത്തത് സംസ്ഥാന നേതൃത്വത്തിനും ക്ഷീണമായി. ഇതോടെ ഇവരോട് വിശദീകരണം തേടാന്‍ യൂണിയന്‍ തീരുമാനിക്കുകയായിരുന്നു.

എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി. ഋഷികേശ് ഇവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ഋഷികേശിന്റെ മറുപടി. എന്‍.എസ്.എസില്‍ നിന്ന് രാജിവെച്ചെന്നും ഇതേ കുറിച്ച് പിന്നീട് പ്രതികരിക്കുമെന്നും ലളിത പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more