| Thursday, 19th March 2015, 5:12 pm

സ്പീക്കറുടേത് സ്ത്രീവിരുദ്ധ നിലപാട്, വനിതാ എം.എല്‍.എമാരുടെ പരാതി പോലീസിന് കൈമാറണം: ശക്തന് വി.എസിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയിലെ അക്രമ സംഭവവുമായിബന്ധപ്പെട്ട് വനിതാ എം.എല്‍.എമാര്‍ നല്‍കിയ പരാതി പോലീസിന് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സ്പീക്കര്‍ എന്‍. ശക്തന് കത്ത് നല്‍കി. വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരാതി അടിയന്ത്രിമായി പോലീസിന് കൈമാറണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് പോലീസിന് കൈമാറാത്തത് ഗുരുതരമായ സ്ത്രീവിരുദ്ധ നിലപാടാണെന്നും വി.എസിന്റെ കത്തില്‍ പറയുന്നു.

“സംഭവം നടന്ന അന്ന് തന്നെ ജമീലാപ്രകാശം സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയമപരമായി പോലീസിന് അന്നു തന്നെ കൈമാറേണ്ടിയിരുന്ന ഈ പരാതി സ്പീക്കര്‍ ഇതേവരെ പോലീസിന് അയച്ചു കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഇത് ഗുരുതരമായ സ്ത്രീവിരുദ്ധ നിലപാടാണ്.” വി.എസ് പ്രസ്താവനയില്‍ പറയുന്നു.

മന്ത്രി ഷിബു ബേബിജോണ്‍, എം.എല്‍.എമാരായ കെ. ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ. വാഹിദ്, എ.ടി ജോര്‍ജ്,  എന്നിവരാണ് വനിതാ എം.എല്‍.എമാരായ ജമീലാപ്രകാശം, ഇ.എസ്. ബിജിമോള്‍, കെ.എസ്. സലീഖ, കെ.കെ. ലതിക, ഗീതാഗോപി എന്നിവരെ ക്രൂരമായി ആക്രമിച്ചതെന്നും വി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സ്പീക്കര്‍ കത്ത് പോലീസിന് കൈമാറാത്തത് വനിത എം.എല്‍.എമാര്‍ക്ക് നേരെയുള്ള വിമര്‍ശനവും അവകാശലംഘഘനവും നിയമലംഘലവുമാണെന്നും വി.എസ് പറയുന്നു. ലൈംഗിക സ്വഭാവത്തോടുകൂടി പീഡിപ്പിച്ചതായി ജമീല പ്രകാശം പരാതി നല്‍കിയിട്ടും തന്റെ മുന്നില്‍ വെച്ച് നടന്ന ഹീനകൃത്യം സ്ത്രീ ചാവേര്‍ ആക്രമണമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും വി.എസ് വ്യക്തമാക്കുന്നു. വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ അടിയന്തിര നടപടിയെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more