Daily News
വന്ധ്യംകരണ ശസ്ത്രക്രിയ: മരുന്നില്‍ കീടനാശിനി കലര്‍ന്നാവാം മരണം സംഭവിച്ചതെന്ന് അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 15, 07:40 am
Saturday, 15th November 2014, 1:10 pm

sterilizing-01ബിലാസ്പൂര്‍: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം 14 സ്ത്രീകള്‍ മരിച്ച സംഭവം മരുന്നില്‍ കീടനാശിനി കവര്‍ന്നതാവനമെന്ന് അധികൃതര്‍. ഇവരുടെ മരണത്തെത്തുടര്‍ന്ന് ഡോക്ടറെ സസ്‌പെന്റ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വന്ധ്യംകരണം നടത്തിയ സ്ത്രീകള്‍ക്ക് നല്‍കിയ സിപ്രോസിന്‍ ഗുളികകളില്‍ സിങ്ക് ഫോസ്‌ഫൈഡ് കലര്‍ന്നിട്ടുണ്ടാകാമെന്നാണ് അധികൃതര്‍ പറയുന്നത്. മരുന്നാണ് മരണകാരണം എന്ന് ഡോക്ടര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

സിങ്ക് ഫോസ്‌ഫൈഡ് അടങ്ങിയിട്ടുള്ള മരുന്നുകള്‍ കഴിച്ചതിന്റെ ലക്ഷമാണ് സ്ത്രീകള്‍ കാണിക്കുന്നതെന്ന് അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന സ്ത്രീകളെ സന്ദര്‍ശിച്ച ശേഷം ഹെല്‍ത്ത് ഡിപ്പാര്‍ച്ചമെന്റിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അലോക് ഷുക്ല പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിരമിച്ച ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വന്ധ്യംകരണ ക്യാമ്പിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും റെയ്ഡ് നടത്തിയിരുന്നു.

അതേസമയം, സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളു.

സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നുകളുടെ കമ്പനിയുടമയേയും മകനേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനി പുറത്തിറക്കിയ മരുന്നുകളാണ് സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ ദീവസം കമ്പനിയില്‍ നടത്തിയ റെയ്ഡില്‍ സിങ്ക് ഫോസ്‌ഫേഡും കണ്ടെത്തിയിരുന്നു.