എന്റെ പ്രിയപ്പെട്ട പുരുഷന്മാരെ, ഈ വനിതാ ദിനത്തില്‍ എനിക്ക് നിങ്ങളോടാണ് സംസാരിക്കാന്‍ ഉള്ളത്. ലോകത്തില്‍ ചലനം സൃഷ്ടിച്ച ഒരു ഐതിഹാസിക സമരത്തിന്റെ ഓര്‍മ പുതുക്കല്‍ ആണ് ഇന്ന് ലോകമെമ്പാടും നടക്കുന്നത്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ മുതലാളിത്വത്തിനുമേല്‍ നടത്തിയ മുന്നേറ്റത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും കഥകളാണ് ഓരോ വനിതാ ദിനവും നമ്മെ ഓര്‍മിപ്പിക്കുന്നത്.
നിന്നിടത്തു നിന്ന് തുള്ളാതെ ഒരടി മുന്നോട്ടു നടക്കൂ എന്ന ആഹ്വാനമാണ് ഓരോ വനിതാ ദിനവും സമ്മാനിക്കുന്നത്. 1910 ല്‍, കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനത്തില്‍ വനിതാദിനം സാര്‍വ്വദേശീയമായി ആചരിക്കണമെന്ന ആവശ്യം ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിന്‍ ഉന്നയിച്ചു.
അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം, 1911 മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു.
ഈ ചരിത്രത്തെ മറന്നുകൊണ്ടാണ് പലപ്പോഴും വനിതാ ദിനമെന്നമെന്നതിനെ നാം സമീപിക്കുന്നത്.
നിലനില്‍ക്കുന്ന സാഹചര്യങ്ങളെ ഒരു ചെറുവിരല്‍ കൊണ്ടുപോലും ചോദ്യം ചെയ്യാതെ “ആഘോഷിക്കുക” യാണ് പതിവ് എന്നത് ഒരു ദുഃഖ സത്യമാണ്. വനിതാദിന താരാട്ടു പാട്ടും, കുക്കറി മത്സരങ്ങളും ഒക്കെയാണ് പലപ്പോഴും നമുക്ക് കാണാന്‍ സാധിക്കുന്നത്. 365 ദിവസവും ചാക്ക് വലിക്കുന്ന കാളയോട്, ആം, ഇന്ന് വിശേഷ ദിവസമാണ് നിന്റെ ചക്ക് വലിക്കാനുള്ള മിടുക്ക് കാണിക്ക് എന്ന് പറയുന്ന പോലെ ആഭാസമാണ്.
ഇതല്ല വനിതാദിനാഘോഷങ്ങള്‍ മുന്നോട്ടു വയ്‌ക്കേണ്ടത്. ഇത് ഒരു ചരിത്ര ദിനമാണ്. സ്ത്രീകള്‍ക്ക് നേരെ ഏറ്റവുമധികം അതിക്രമങ്ങള്‍ നടക്കുന്ന ഒരു സമൂഹത്തില്‍ നിന്നാണ് നാം വനിതാ ദിനത്തെ കുറിച്ച് സംസാരിക്കുന്നത്. ലിംഗസമത്വമെന്നത് വാക്കുകളില്‍ അല്ല പ്രവര്‍ത്തിയിലാണ് വേണ്ടത് എന്നുള്ള ഓര്‍മപ്പെടുത്താല്‍ കൂടിയാണ് ഈ ദിനമെന്നത്.
ഇതൊക്കെ നിങ്ങളോട് എന്തിനു പറയുന്നു എന്നല്ലേ, ഓരോ വനിതാ ദിനവും വരുമ്പോള്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഒന്നാണ്. അവള്‍ അമ്മയാണ് ഭാര്യയാണ് അമ്മൂമ്മയാണ്..ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് നമ്മെ പരിചരിക്കുന്നവളാണിവള്‍…സര്‍വം സഹയായ അമ്മയാണ്… പൂമുഖ വാതില്‍ക്കല്‍ പൂന്തിങ്കളോ വാര്‍ത്തിങ്കളോ …. അങ്ങനെ ഒക്കേയുള്ള സ്ത്രീ രത്‌നങ്ങള്‍ക്ക് വനിതാ ദിനാശംസകള്‍ എന്നൊക്കെ പറഞ്ഞുള്ള പൊള്ളയായ ആശംസകള്‍.
അവള്‍ ആരുടെയൊക്കെയോ ഭാര്യയും അമ്മയും പെങ്ങളുമാണ്- അതുകൊണ്ടു അവളെ ബഹുമാനിക്കൂ എന്നുള്ള വളരെ പിന്തിരിപ്പന്‍ ആശയത്തിന്റെ തുടര്‍ച്ചയാണ് മേല്‍പ്പറഞ്ഞ ആശംസയും. അല്ല സുഹൃത്തുക്കളെ, ഞങ്ങള്‍ മനുഷ്യരാണ്. അഭിമാനമുള്ള ജീവികള്‍ ആണ്.
ചിന്തിക്കാനും അഭിപ്രായം പറയാനും ശേഷിയുള്ളവരാണ്.
നിങ്ങളുടെ അമ്മയും പെങ്ങളും ഭാര്യയും ആയത് കൊണ്ടല്ല ഞങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത്. ഒരു സഹജീവിയാണ് എന്ന ഗുണം കൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ ചേര്‍ത്തു പിടിക്കാന്‍ സാധിക്കുമോ? അവള്‍ തന്നെ എന്നെ പരിചരിക്കണം എന്ന വാശി മാറ്റിവയ്ക്കാമോ…അത് അമ്മയോ ഭാര്യയോ ആവട്ടെ ..ഒരു സമൂഹ ജീവി എന്ന നിലയില്‍ അവള്‍ക്കവകാശപ്പെട്ടവ നേടിയെടുക്കാന്‍ അവള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുമോ?
കുടുംബം എന്ന ഭാരം അവളുടെ മാത്രം ഉത്തരവാദിത്വം അല്ലെന്നും കുഞ്ഞുങ്ങള്‍ എന്റെ കൂടെ ബാധ്യതയാണെന്നും മനസിലാക്കി പെരുമാറാന്‍ സാധിക്കുമോ? നിങ്ങളുടെ തമാശകള്‍ എന്ന ഓമനപ്പേരില്‍ പുറത്തിറക്കുന്ന വളിപ്പുകള്‍ സ്ത്രീവിരുദ്ധമാണ് എന്ന് തിരിച്ചറിയുമോ? ഓരോ ദിവസവും പുരുഷാധിപത്യ സമൂഹത്തിന്റെ മര്‍ദ്ദനങ്ങളും ഇടപെടലുകളും അധികാരപ്രയോഗങ്ങളും അനുഭവിച്ചാണ് അവര്‍ ജീവിക്കുന്നത് എന്നത് ബോധ്യമാകുന്നുണ്ടോ? അതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ?
1857 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച് കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുവാനും വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തിയതാണ് മാര്‍ച്ച് 8 എന്ന ഐതിഹാസിക ദിനം.
സ്ത്രീ ദേവിയാണ് സര്‍വംസഹയാണ് മാതൃത്വഭാവമാണ് എന്നൊക്കെ വനിതാ ദിനത്തില്‍ ആശംസിക്കുമ്പോള്‍ നാം മറന്നു പോകുന്നത് സ്ത്രീകളുടെ ധീരമായ ഈ സമരപാരമ്പര്യത്തെ ആണ്. സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുക എന്നാല്‍, നിങ്ങള്‍ അനുഭവിച്ചുപോരുന്ന വിശേഷാധികാരങ്ങളെ ഇല്ലാതാക്കുക എന്നതുകൂടെയാണ് അര്‍ഥം. അത് അത്ര എളുപ്പമല്ല. പക്ഷെ അത് അനിവാര്യമായ ഒന്നാണ് എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടെയാണ് ഓരോ വനിതാ ദിനവും
നിങ്ങള്‍ക്കിത് സാധിക്കും! നിങ്ങള്‍ക്കേ അത് സാധിക്കൂ. ഒരു സ്ത്രീ പൊരുതാന്‍ തുടങ്ങിയാല്‍, ഓരോ വീട്ടകത്തുനിന്നും അവളുടെ കാലുകളിലെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ സാധിക്കും. അതില്‍ നിങ്ങളുടെ ഒരു ചെറിയ സഹായം പുരുഷാധിപത്യബോധമെന്ന ആ ചങ്ങലയുടെ അന്ത്യമാകാന്‍ സാധിക്കുന്നവയാണ്. ഒരു പെണ്‍കുഞ്ഞിന് ജനനം മുതല്‍ അനുഭവിക്കേണ്ടി വരുന്ന അവഗണനകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന് ഉള്ളിലേക്കു തിരിഞ്ഞു നോക്കേണ്ട സമയമാണ് ഇത്.
ഒരു പെണ്‍ ഭ്രൂണഹത്യക്കെതിരെ, ആര്‍ത്തവം വന്ന പെണ്‍കുട്ടിയെ വീടിനുള്ളില്‍ മാറ്റി നിര്‍ത്തുന്നതിനെതിരെ, അവള്‍ക്കു കളിക്കാനും ശുദ്ധവായു ശ്വസിക്കാനും ഉള്ള അവസരങ്ങളെ നിഷേധിക്കപ്പെടുന്നതിനെതിരെ, അവള്‍ക്കു നേരെ വീടിനുളില്‍, സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ എന്താണ് നിങ്ങള്‍ ഈ നിമിഷം വരെ ചെയ്തത്? ഒരു ചെറുവിരലനക്കാന്‍ നമുക്ക് കഴിഞ്ഞോ?
സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിരന്തരം സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍, ഏത് തരത്തിലാണ് നിങ്ങള്‍ അവരുടെ കൂടെ നില്‍ക്കാന്‍ ശ്രമിക്കുന്നത്? നമ്മുടെ വിദ്യാഭ്യാസവും വിവരവും നമ്മെ മികച്ച മനുഷ്യരാക്കിയിട്ടുണ്ടോ? ഒന്ന് ഓര്‍ത്തു നോക്കൂ.
ഇതില്‍ പലതിനും ഒന്നും ചെയ്തിട്ടില്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍, നിങ്ങള്‍ ഞങ്ങള്‍ക്കു നേരുന്ന ആശംസകള്‍ വെറും പൊള്ളയാണ്. സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ പറ്റിപറയുമ്പോള്‍ ദയവ് ചെയ്ത് notallmen ഹാഷ് ടാഗുകള്‍ കൊണ്ടുവന്നിട്ടില്ല എന്നെങ്കിലും പറയാന്‍ കഴിയട്ടെ.
മാര്‍ച്ച് 8 നു രാവിലെ മുതല്‍ വൈകീട്ട് വരെ നടക്കേണ്ട ഒന്നല്ല സ്ത്രീ ശാക്തീകരണം എന്നത്. അതൊരു നിരന്തര പ്രവര്‍ത്തനമാണ്.. പുരുഷാധിപത്യ സമൂഹത്തിന്റെ ആശയ പ്രചാരകരായ സ്ത്രീകളെ ഞാന്‍ കാത്തിരിക്കുന്നില്ല….
ഈ വനിതാ ദിനത്തില്‍ നമുക്കൊന്ന് മാറി ചിന്തിക്കാം. വച്ചുവിളമ്പിയും വിഴുപ്പലക്കിയും നിങ്ങള്‍ ജീവിതം തീര്‍ത്തുവെങ്കില്‍ അടുത്ത തലമുറ പെണ്‍കുഞ്ഞുങ്ങളെ എങ്കിലും കരുത്തരായ ധീരരായി വളരാന്‍ ഉള്ള സാഹചര്യം നമുക്ക് ഒരുക്കി കൊടുക്കാം. ഓരോ ദിവസവും നമുക്കിടയില്‍ നടക്കുന്ന സ്ത്രീ വിരുദ്ധതയെ നമുക്ക് തിരിച്ചറിയാനുള്ള ബോധ്യം സ്വയം നിര്‍മിക്കാം. അവയെ ചെറുക്കാനുള്ള ആയുധങ്ങള്‍ ചിന്തയിലൂടെ വായനയിലൂടെ പഠനത്തിലൂടെ വളര്‍ത്തിയെടുക്കാം.
ഈ വര്‍ഷത്തെ വനിതാ ദിനത്തില്‍ സംതുലിതമായ ലോകം” മികച്ച ലോകം”എന്നാണ് നാം മുന്നോട്ടു വയ്ക്കുന്ന മുദ്രവാക്യം! എങ്ങിനെയാണ് ലിംഗ സമത്വമുള്ള ഒരു ലോകം നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ ആവുക? എന്നതാണ് ഈ വനിതാ ദിനം ലോകത്തോട് ചോദിക്കുന്നത്-
എന്റെ പ്രിയപ്പെട്ട ആണുങ്ങളെ, സമൂഹമേ, അത് നിങ്ങള്‍ക്കുള്ള ചോദ്യമാണ്. സ്ത്രീക്കും പുരുഷനും മറ്റു ലിംഗസ്വത്വങ്ങള്‍ക്കുമെല്ലാം തുല്യ നീതിയുള്ള ഒരു സമൂഹമാണ് നമുക്ക് സൃഷ്ടിക്കാന്‍ ഉള്ളത്. ഒരു പക്ഷെ അടുത്ത വനിതാ ദിനത്തില്‍ മേല്‍പറഞ്ഞ ചോദ്യങ്ങളില്‍ കുറേയെണ്ണത്തിനെങ്കിലും ഉണ്ട് എന്നുള്ള ഉത്തരം തരാന്‍ കഴിയുന്ന തരത്തില്‍ നിങ്ങളുടെ ചിന്താരീതി മാറുക എന്നതാണ് നിങ്ങള്‍ ഇന്ന് ഞങ്ങള്‍ക്ക് നേരുന്ന ആശംസകളേക്കാള്‍ വിലപിടിപ്പുള്ള സമ്മാനം. ഇന്ന് മുതല്‍ അത്തരമൊരു ലോകത്തെ സൃഷ്ടിക്കാന്‍ നമുക്ക് ഒരുമിച്ചു ചേര്‍ന്ന് മുന്നോട്ടു പോകാം.