ന്യൂദല്‍ഹി: ലൈംഗികപീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ആരോപണവിധേയനായിരിക്കെ പി.കെ ശശി എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് പൊലീസിന് സമ്മര്‍ദ്ദമുണ്ടാക്കും അതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് പി.കെ. ശശി അന്വേഷണം നേരിടണമെന്നാണ് തന്റെ നിലപാടെന്ന് രേഖാ ശര്‍മ പറഞ്ഞു.
യുവതിയുടെ പരാതിയില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ 15 ദിവസത്തിനകം നടപടിയെടുത്ത് വിവരങ്ങള്‍ അറിയിക്കണമെന്ന് കേരള ഡി.ജി.പി ലോകനാഥ് ബെഹ്‌റയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രേഖാ ശര്‍മ്മ പറഞ്ഞു.
അതേസമയം പി.കെ ശശിയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനായി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരടങ്ങിയ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അനാവശ്യ പരസ്യപ്രസതാവന നടത്തരുതെന്ന് പി.കെ ശശിയ്ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പി.കെ ശശി ആവര്‍ത്തിച്ചു. ഏതന്വേഷണത്തെയും കമ്മ്യൂണിസ്റ്റ് ആരോഗ്യത്തോടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.