ടോക്യോ: ഏഷ്യ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ജപ്പാനെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്.
ഗുര്‍ജിത് കൗറിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ചാമ്പ്യന്മാരെ തകര്‍ത്ത് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗുര്‍ജിത്തിന്റെ ഇരട്ടഗോളും നവജ്യോത് കൗര്‍, ലാല്‍റെംസിയാമി എന്നിവരുടെ ഓരോ ഗോളുകളുമാണ് ആതിഥേയരെ ഫൈനല്‍ കാണാതെ പുറത്താക്കിയത്.
ഷിഹോ സുജിയും യുയി ഇഷിബാഷിയുമാണ് ജപ്പാനായി ഗോള്‍ കണ്ടെത്തിയത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തുന്നത്. 2004ല്‍ കിരീടം നേടിയ ഇന്ത്യ 1999ലും 2009ലും രണ്ടാം സ്ഥാനവും നേടിയിരുന്നു. ചൈനയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ഞായറാഴ്ച്ചയാണ് കലാശപ്പോരാട്ടം നടക്കുക. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയെ ഇന്ത്യ 4-1ന് തോല്‍പ്പിച്ചിരുന്നു. 2009 ലെ ഫൈനലില്‍ ചൈനയോട് തോറ്റായിരുന്നു ഇന്ത്യ രാണ്ടാം സ്ഥാനം നേടിയത്.
ഗ്രൂപ്പ് മത്സരത്തില്‍ ചൈനയ്ക്കുപുറമെ സിഗംപ്പൂരിനെ 10-0 ത്തിനും മലേഷ്യയെ 2-0 ത്തിനും ഇന്ത്യ തകര്‍ത്തിരുന്നു. ക്വാര്‍ട്ടറില്‍ കസാഖിസ്ഥാനെ 7-1 നായിരുന്നു ഇന്ത്യ തകര്‍ത്തുവിട്ടത്.