വൈക്കം: വീട്ടുകാരുടെ തടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ വീടിനു മുമ്പില്‍ വനിതകളുടെ പ്രതിഷേധം. അഞ്ച് സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
“എന്നെ ഉപദ്രവിക്കുകയാണ്, രക്ഷിക്കണം എന്ന് ജനലിലൂടെ പറയുന്ന ഹാദിയയെയാണ് തങ്ങള്‍ കണ്ടത്” പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഹാദിയയ്ക്ക് ചില പുസ്തകങ്ങളും മധുരപലഹാരങ്ങളും എത്തിക്കാനായാണ് തങ്ങള്‍ ഇവിടെ എത്തിയത്. അവരെ കാണണമെന്നുപോലും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. കൊണ്ടുവന്ന സാധനങ്ങള്‍ അവര്‍ക്ക് കൊടുക്കണമെന്ന ആഗ്രഹമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ.
Read more: ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യുവതിയുടെ ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു
എന്നാല്‍ തങ്ങള്‍ കൊണ്ടുവന്നതൊന്നും ഹാദിയയ്ക്ക് ആവശ്യമില്ലെന്നാണ് അവരുടെ അച്ഛന്‍ പറഞ്ഞത്. ഇതിനിടെ തന്നെ രക്ഷിക്കണമെന്ന് ജനലിലൂടെ അപേക്ഷിക്കുന്ന ഹാദിയയെയാണ് തങ്ങള്‍ക്ക് കാണാനായതെന്നും ഇവര്‍ പറയുന്നു.
” ഇത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണ്. 25 വയസുപ്രായമായ ഒരു സ്ത്രീ ഇവിടെ വീട്ടുതടങ്കലില്‍ ഇങ്ങനെ ഇരിയ്ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുമാസമായി. ” പ്രതിഷേധക്കാര്‍ പറയുന്നു.
ഇതോടെ ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ വീടിനു മുമ്പില്‍ പ്രതിഷേധിക്കുകയാണുണ്ടായതെന്നും ഇവര്‍ പറയുന്നു.