സംഘപരിവാര്‍ ആക്രമണം നേരിടുന്ന എഴുത്തുകാരന്‍ എസ്.ഹരീഷിനെ സോഷ്യല്‍ മീഡിയില്‍ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സംഘടിത തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് സ്ത്രീകള്‍ക്കെതിരെ ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്. മൈ.. പൂ.. തേ.. വെ.. എന്നിങ്ങനെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പദങ്ങളാണ് ഈ തെറിവിളികളില്‍ ഉപയോഗിക്കുന്നത്.
വെര്‍ബല്‍ റേപ്പും നടത്തുന്നു. ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ പിന്തുണയ്ക്കുന്നവരെ ചെരിപ്പൂരി അടിക്കുമെന്നാണ് ഭീഷണി. ലൈംഗികത്തൊഴില്‍ ചെയ്യുന്ന സ്ത്രീകളാണ് ഹരീഷിനെ പിന്തുണയ്ക്കുന്നവരെന്നാണ് പരിഹാസത്തോടെ എഴുതിയിടുന്നത്.
സ്ത്രീയുടെ ലൈംഗികാവയവത്തെ ചേര്‍ത്തുള്ള തെറികളാണ് സ്ത്രീകളെ അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നവര്‍ ഉപയോഗിക്കുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി ചൂണ്ടിക്കാണിക്കുന്നു.
“വിവേകമോ വകതിരിവോ ഉള്ള കൂട്ടമല്ല ഇവര്‍. രാമായണമോ മഹാഭാരതമോ വായിച്ചിട്ടില്ല ഇവര്‍. ഹിന്ദു ഫിലോസഫിയോ മതം എന്താണ് പറയുന്നതെന്നോ ഇവര്‍ക്കറിയില്ല. ഇത്തിരി വട്ടമുള്ള ലൈംഗികാവയവമാണ് ഇവര്‍ക്ക് സ്ത്രീ. ഇവരോട് എങ്ങനെയാണ് സ്ത്രീപക്ഷം പറയുക. വാത്മീകിയുടെ കാലത്തും രാമായണത്തിന്റെ കാലത്തും മാത്രമല്ല ഇപ്പോഴും ആണുങ്ങള്‍ സ്ത്രീയുടെ യോനിയിലേക്ക് നോക്കിയിരിക്കുകയാണ്”.
“മീശ” എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാണ് എഴുത്തുകാരനെതിരെയുള്ള ആരോപണം. എസ്.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമാണ് പ്രതിഷേധക്കാരുടെ തെറിവിളി.
സ്ത്രീകളുടെ പോസ്റ്റിനു നേരെയാണ് ഇവര്‍ അശ്ലീലപരാമര്‍ശങ്ങള്‍ ആയുധമാക്കുന്നതെന്ന് ആക്രമണം നേരിടുന്ന ദിവ്യ പലമിറ്റം പറയുന്നു.
“ഹരീഷിനെ സപ്പോര്‍ട്ട് ചെയ്തുള്ള ആണ്‍സുഹൃത്തിന്റെ പോസ്റ്റാണ് ഞാന്‍ ഷെയര്‍ ചെയ്തത്. അവനോടില്ലാത്ത വിദ്വേഷമാണ് “അവള്‍ക്ക് “നേരെ തിരിയുന്നത്. സ്ത്രികളാണിവിടെയും ഇരകള്‍. കമന്റ് ചെയ്യതവരാരും തന്നെ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ അല്ല.
എല്ലാവരും സംഘപരിവാറുകാരാണ്. ഫേക്ക് ഐഡികളുമല്ല ഇവര്‍ ഉപയോഗിക്കുന്നത്”.
ഹൈന്ദവ ഫാസിസ്റ്റു രാഷ്ട്രീയ പ്രവണതയുടെ കൂടെ പ്രതിഫലനമാണ് ഈ അസഭ്യ വര്‍ഷമെന്ന് അഹമ്മദാബാദ് ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസറായ പൂര്‍ണ്ണിമ രാഗിണി നിരീക്ഷിക്കുന്നു.
“പൊളിറ്റിക്കല്‍ ഹിന്ദുത്വയില്‍ ജെന്‍ഡര്‍ വലതുപക്ഷ ആവശ്യാനുസരണം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു എന്റിറ്റി മാത്രം ആണ്. അത്തരം ഒരു ഫ്രെയിം വര്‍ക്കിനുള്ളില്‍ സ്ത്രീകള്‍ ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിപാവനമായി കണ്ട് സൂക്ഷിച്ചു, പരിപാലിച്ചു അതിന്റെ പാവനത നിലനിര്‍ത്തേണ്ട വെറും സംസ്‌കാര വാഹകര്‍ മാത്രമാണ്. അതുകൊണ്ടാണ് പുരുഷന്മാര്‍ ഹരീഷിന്റെ നോവലിലെ പ്രസ്തുത ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ ഉണ്ടാകുന്നതിലേറെ ആക്രമണം സ്ത്രീകള്‍ അനുകൂലിക്കുമ്പോള്‍ ഉണ്ടാകുന്നത്.പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ ജെന്‍ഡര്‍ കാഴ്ചപ്പാടില്‍ തന്നെ വളരെ പരിമിതമായ പങ്കാളിത്തമേ സ്ത്രീകള്‍ക്ക് പൊാതുവ്യവഹാരങ്ങളില്‍ ഉള്ളൂ”.
സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്നവരെ ശിക്ഷിക്കാന്‍ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. എന്നിട്ടും യാതൊരു നിയന്ത്രണവുമില്ലാതെ അധിക്ഷേപം തുടരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ഉയരുകയാണ്.
എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അപര്‍ണ പ്രശാന്തിക്കെതിരെ ആക്രമണം നടത്തിയ അല്ലു അര്‍ജ്ജുന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പല സ്ത്രീകളും പരാതി നല്‍കാന്‍ മടിക്കുകയാണ്. ആശയപരമായാണ് ഇത്തരക്കാരെ നേരിടേണ്ടതെന്നാണ് ശാരദക്കുട്ടിയുടെ അഭിപ്രായം.
“മാതൃഭക്തിയും മാതൃപൂജയും നടത്തുകയും സ്ത്രീ സംരക്ഷകരായി ചമയുകയും ചെയ്യുന്നവര്‍ പറയുന്ന തെറികള്‍ അമ്മയുടെ ലൈംഗികാവയവത്തെക്കുറിച്ചുള്ളതാണ്. ഞാന്‍ ഇത്തരം കമന്റുകള്‍ക്ക് മറുപടി കൊടുക്കാറില്ല. തെറി പറയുന്നവരെ അപ്പോള്‍ ബ്ലോക്ക് ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന സ്ത്രീകളോട് പറയാനുള്ളത് ഇവരെ എതിര്‍ത്ത് ഒരു മറുപടി പോലും കൊടുക്കരുതെന്നാണ്. ആശയപരമായ യുദ്ധമാണ് ഇവരോട് വേണ്ടത്. സ്ത്രീകള്‍ ഇതൊന്നും കേട്ടാല്‍ ഞെട്ടില്ലെന്നതാണ് പ്രതിരോധിച്ച് തുടങ്ങിയതിന്റെ അര്‍ത്ഥം. പ്രതിരോധിക്കുന്തോറും ഇവരുടെ കൈയ്യിലിരിക്കുന്ന ലൈംഗികാവയവത്തെക്കുറിച്ചുള്ള വികലമായ ജ്ഞാനം പുറത്തു വരും”.
നിയമപരമായി മുന്നോട്ട് പോകാനാണ് ദിവ്യയുടെ തീരുമാനം. “നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം….ഒരു വാ അടച്ചാല്‍ ആയിരം വാ തുറക്കുമെന്നറിയം എന്നാലും എന്നെക്കൊണ്ട് ആവുന്നത് ചെയ്യും”.ദിവ്യ പറയുന്നു.