ഗയാന: വനിത ട്വന്റി-20 ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ ശക്തരായ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ന് ജയിച്ച് തുടക്കം ഗംഭീരമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം മികച്ച ഫോമിലുള്ള സ്മൃതി മന്ദാനയിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. വെസ്റ്റ് ഇന്‍ഡീസാണ് നിലവിലെ ചാംപ്യന്‍. ഓസ്‌ട്രേലിയ മൂന്ന് വട്ടം കിരീടം നേടിയിട്ടുണ്ട്.
യുവത്വവും പരിചയസമ്പത്തും ഒരുപോലെയുള്ള ഇന്ത്യ അവസാന മത്സരങ്ങളില്‍ സ്ഥിരത നിലനിര്‍ത്തുന്നത് അനുഗ്രഹമാകും. ആറ് പുതുമുഖങ്ങളാണ് ടീമിലുള്ളത്. മുന്‍ ഇന്ത്യന്‍താരം രമേഷ് പവാറിന്റെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്
നിലവില്‍ ഇന്ത്യയുടെ ബാറ്റിങ്-ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റ് മികച്ച ഫോമിലാണ്. ശ്രിലങ്കയ്ക്കും ആസ്‌ട്രേലിയ എയ്ക്കുമെതിരെ നേടിയ പരമ്പര ജയവുും സന്നാഹ മത്സരത്തില്‍ ചാംപ്യന്‍മാരായ വിന്‍ഡീസിനേയും ഇംഗ്ലണ്ടിനേയും തകര്‍ത്തത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.
വെറ്ററന്‍താരം മിതാലി രാജും സ്മൃതി മന്ദാനയുമൊരുക്കുന്ന ഓപ്പണിങ് വെടിക്കെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉണരുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്, ദീപ്തി ശര്‍മ, പുതുമുഖങ്ങളായ ജമീമ റോഡ്രിഗസ് എന്നിവരടങ്ങുന്നതാണ് മധ്യനിര.
പൂജ വസ്ത്രാകറും മാന്‍സി ജോഷിയും പേസിങിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പൂനം യാദവിനാണ് സ്പിന്‍ ചുമതല.
ഈ മാസം 11ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 15ന് അയര്‍ലന്‍ഡിനേയും 17ന് ഓസ്‌ട്രേലിയയേയും നേരിടും.
ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പാക്കിസ്ഥാനും അയര്‍ലന്ഡുമടങ്ങിയ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുടെ സ്ഥാനം.