അവഗണനയും മാനസിക പീഡനവും; ഡി.വൈ.എഫ്.ഐയില്‍ നിന്ന് യുവതികളുടെ കൂട്ടരാജി
Kerala News
അവഗണനയും മാനസിക പീഡനവും; ഡി.വൈ.എഫ്.ഐയില്‍ നിന്ന് യുവതികളുടെ കൂട്ടരാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2019, 1:29 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡി.വൈ.എഫ്.ഐയില്‍ നിന്ന് യുവതികളുടെ കൂട്ടരാജി. മൂന്ന് വനിതാ അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചത്.

കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റികളിലുള്ളവരാണ് രാജിവച്ചത്. സംഘടനയില്‍ നേരിടുന്ന അവഗണനയും മാനസിക പീഡനവും ചൂണ്ടിക്കാട്ടിയാണ് യുവതികള്‍ രാജിക്കത്ത് നല്‍കിയതെന്നാണ് വിവരം.

രാത്രി വൈകിയും ദൂര സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കുമ്പോള്‍ പോകാതിരുന്നാല്‍ കമ്മിറ്റിയില്‍ അവഹേളിക്കുന്നുവെന്നും രാജി കത്തില്‍ പറയുന്നുണ്ട്.

ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.ഐ.എം ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് രാജിയെന്ന് യുവതികള്‍ ആരോപിച്ചു. ഡി.വൈ.എഫ്.ഐയിലെ ചില പ്രവര്‍ത്തകര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും പരാതിയിലുണ്ട്.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പരാതി നല്‍കിയ വനിത നേതാവ് രാജിക്കത്ത് നല്‍കിയിരുന്നു. ആരോപണ വിധേയനെ പാര്‍ട്ടി സംരക്ഷിക്കുന്നതിലും തനിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്ത്തിയതിലും പ്രതിഷേധിച്ചായിരുന്നു രാജി. എന്നാല്‍ രാജി തത്ക്കാലം സ്വീകരിക്കേണ്ടന്ന നിലപാടിലാണ് പാലാക്കാട് ജില്ലാ നേതൃത്വമുള്ളത്.