2025ല്‍ നടക്കാന്‍ സാധ്യതയുള്ള കഥ പറഞ്ഞ സിനിമയാണ് കുടുക്ക് 2025. ബിലഹരിയുടെ സംവിധാനത്തിലെത്തിയ ചിത്രം സാങ്കേതിക വിദ്യ മനുഷ്യന് എത്രത്തോളം ദുരുപയോഗം ചെയ്യാം എന്നത് കാണിച്ചുതരുന്നതാണ്. ചിത്രം കൈകാര്യം ചെയ്ത മറ്റൊരു കാര്യം സ്വകാര്യതയാണ്.
നമ്മുടെ സമൂഹം അധികം വിലകല്‍പ്പിക്കാത്തതാണ് ഇത്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. അവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാന്‍ അടുപ്പക്കാര്‍ മുതല്‍ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും വരെ പ്രത്യേക താല്‍പര്യമാണ്.
ഭര്‍ത്താവില്‍ നിന്നും കാമുകനില്‍ നിന്നും സ്വകാര്യത ആവശ്യപ്പെടുന്ന പെണ്ണുങ്ങളെ കുടുക്ക് 2025 കാണിച്ചുതരുന്നുണ്ട്. നായകനായ മാരന്‍ നായികയായ ഈവിനോട് മനുഷ്യരുടെ മനസിലെ ഇഷ്ടങ്ങള്‍ മനസിലാക്കാനുള്ള യന്ത്രമുണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന് പറയുന്നുണ്ട്. സാധാരണ മലയാള സിനിമകളില്‍ ഇത് റൊമാന്റിക്കായി കാണിക്കാറാണ് പതിവ്. എന്നാല്‍ ഇവിടെ ഈവ് കൃത്യമായി പറയുന്നത് എന്റെ ഇഷ്ടങ്ങളും മാരന്റെ ഇഷ്ടങ്ങളും അവനവന്റെ സ്വകാര്യതയാണെന്നാണ്.
അനുവാദമില്ലാതെ തന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ മാരന്‍ ഷെയര്‍ ചെയ്യുമ്പോഴും അത് തന്റെ സ്വാകാര്യതയാണെന്നും അനുവാദം വാങ്ങണമെന്നും ഈവ് മാരനെ ഓര്‍മിപ്പിക്കുന്നുണ്ട്.
ഭര്‍ത്താവ് തന്നെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ജ്വാലയും പ്രകടിപ്പിക്കുന്നുണ്ട്. തന്നോട് ചോദിക്കാതെ മെസഞ്ചറിലെ അണ്‍റീഡ് മെസേജുകള്‍ വായിക്കുന്നത് വളരെ മോശമാണെന്ന് ഭര്‍ത്താവിന്റെ മുഖത്ത് നോക്കി ജ്വാല പറയുന്നുണ്ട്.
സ്വകാര്യതയെ പറ്റി ഇത്രയൊക്കെ പറഞ്ഞുവെച്ചിട്ടും ഇതിനെല്ലാം നേരെ കടകവിരുദ്ധമായി ഈവിനെ മാരന്‍ നിര്‍ബന്ധപൂര്‍വം ചുംബിക്കുന്ന രംഗവും ചിത്രത്തിലുണ്ട്. ഇതിന് അല്‍പസമയം മുമ്പ് മാത്രം അനുവാദമില്ലാതെ ഫോട്ടോ ഷെയര്‍ ചെയ്തതിന് മാരനോട് കയര്‍ക്കുന്ന ഈവ് ഈ സംഭവത്തില്‍ ഒരു പ്രതിഷേധവും രേഖപ്പെടുത്തുന്നത് പിന്നീട് കണ്ടില്ല.
ഒരുപാട് ആഘോഷിക്കപ്പെടുകയും പിന്നീട് വിമര്‍ശിക്കപ്പെടുകയും ചെയ്ത, കന്മദത്തിലെ വിശ്വനാഥന്‍ എന്ന കഥാപാത്രം ഭാനുവിനെ ചുംബിക്കുന്ന രംഗമാണ് ഇത് കണ്ടപ്പോള്‍ ഓര്‍മ വന്നത്. പുറമെ എത്ര കഠിനഹൃദയകളാണെങ്കിലും പുരുഷന്‍ ഒന്ന് ചുംബിച്ചാല്‍ അലിഞ്ഞുപോകുന്ന ദുര്‍ബലകളാണ് സ്ത്രീകളെന്ന കോണ്‍സെപ്റ്റ് ഇതുവരെ മാറ്റാറായില്ലേ?