ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാണ് സ്ത്രീകളെ സര്‍ക്കാര്‍ സംഘടിപ്പിച്ച വന്ധ്യംകരണ ക്യാമ്പിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ നടത്താന്‍ സമ്മതിച്ചാല്‍ പ്രതിഫലമായി പണം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തതായി ഭര്‍ത്താവ് ആരോപിക്കുന്നു.
“വലിയൊരു സംഖ്യ പ്രതിഫലമായും മരുന്നുകള്‍ സൗജന്യമായും നല്‍കാമെന്ന് വനിതാ ആരോഗ്യപ്രവര്‍ത്തകര്‍ സ്ത്രീകളോട് പറഞ്ഞിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം നല്‍കിയത് 30 മുതല്‍ 40 രൂപ വരെ മാത്രമാണ്. ബാക്കി പൈസ യാത്രാച്ചിലവിനും മറ്റ് കാര്യങ്ങള്‍ക്കുമായി ചിലവഴിച്ചെന്നാണ് അവര്‍ പറഞ്ഞത്. ” വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ കൊല്ലപ്പെട്ട ചെയ്തി ഭായിയുടെ ഭര്‍ത്താവ് ബുദ്ധു സിങ് ആരോപിക്കുന്നു.
1970ലെ ഉത്തരവ് പ്രകാരം ഇന്നത്തെ ഛത്തീസ്ഗഢ്-മധ്യപ്രദേശ് അതിര്‍ത്തിയില്‍ കാണപ്പെടുന്ന പഹാരി കോര്‍വ, ബൈഗ, ബിര്‍ഹോര്‍, കമാര്‍ എന്നീ ആദിവാസി വിഭാഗങ്ങളില്‍ മരണനിരക്ക് കൂടിയതിനാല്‍ വന്ധ്യംകരണം പ്രോത്സാഹിപ്പിക്കരുത്.
എന്നാല്‍ ഗൗരേല മേഖലയിലെ ബൈഗ വിഭാഗത്തില്‍പ്പെട്ട 18 സ്ത്രീകളെയെങ്കിലും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നാണു സിങ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് ഈ വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെമാത്രമാണു വന്ധ്യംകരണത്തിനു വിധേയമാക്കിയിട്ടുള്ളൂവെന്നാണ്. ഈ വിഭാഗത്തില്‍പ്പെട്ടവരെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നുണ്ടെങ്കില്‍ തന്നെ അവരുടെ സമ്മതപത്രം എഴുതിവാങ്ങേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നാണ് ബുദ്ധു സിങ് പറയുന്നത്.
തന്നെയും ഭാര്യയെയും കൊണ്ട് ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടുവിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നാണ് അവര്‍ പറഞ്ഞത്. വന്ധ്യംകരണത്തിന് തയ്യാറാണെന്നുള്ള സത്യവാങ്മൂലമാണ് ഒപ്പുവയ്ക്കുന്നത് എന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ധ്യംകരണത്തിന് തയ്യാറാവുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന തുക 600ല്‍ നിന്നും അടുത്തിടെ 1400 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.