| Saturday, 26th September 2020, 10:47 pm

അടികിട്ടിയെങ്കില്‍ നന്നായി,അത്രയേറെ വൃത്തികെട്ട രീതിയിലാണ് സ്ത്രീകളെ അധിക്ഷേപിച്ചത്; സ്ത്രീകളുടെ പ്രതിഷേധത്തില്‍ സൈബര്‍ ലോകം പ്രതികരിക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്ക് എതിരെ ഭാഗ്യലക്ഷ്മി അടക്കമുള്ള സ്ത്രീകള്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ.

അടി കിട്ടിയെങ്കില്‍ നന്നായെന്നും അയാള്‍ അതര്‍ഹിക്കുന്നുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. അടികിട്ടിയവന്‍ ഇതര്‍ഹിക്കുന്നെന്നും അത്രയേറെ വൃത്തികെട്ട രീതിയിലാണ് അവന്‍ സ്ത്രീകളെ അധിക്ഷേപിച്ചതെന്നുമാണ് മാധ്യമപ്രവര്‍ത്തകയായ ഷാഹിന കെ പ്രതികരിച്ചത്. എണ്‍പത് വയസ്സായ സുഗതകുമാരി ടീച്ചറെ മുതല്‍ കേരളം ആദരിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും ബിന്ദു അമ്മിണി, രെഹാന ഫാത്തിമ തുടങ്ങിയവരെ കുറിച്ചും അതീവ മോശമായ ഭാഷയില്‍ ലൈംഗിക അധിക്ഷേപം നടത്തിയ അവന്റെ യു ട്യൂബ് വീഡിയോ ക്ക് രണ്ട് ലക്ഷം ഞരമ്പ് രോഗികളാണ് ലൈക് അടിച്ചത്. ഫെമിനിസ്റ്റുകള്‍ എന്ത് കൊണ്ട് ഷഡി ഇടാറില്ല എന്ന പേരില്‍ അവന്‍ ഇറക്കിയ യു ട്യൂബ് വീഡിയോ ഞങ്ങള്‍ പലരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേര്‍ DGP ക്കടക്കം പരാതി അയച്ചിരുന്നെന്നും ഷാഹിന ഫേസ്ബുക്കില്‍ പ്രതികരിച്ചു.

അനീതിക്കെതിരായ അക്രമം ന്യായമാണ് എന്നായിരുന്നു ദിലീപ് നെല്ലുള്ളിക്കാരന്‍ എന്ന പ്രൊഫൈല്‍ പ്രതികരിച്ചത്. അടി കൊണ്ടത് ഒരു സംഘി വിജയ് നായര്‍ക്ക് മാത്രമല്ല. സ്ത്രീ വിരുദ്ധതക്കും പുരഷാധികാരത്തിനും ഏല്‍ക്കുന്ന അടി കൂടിയായിരുന്നു ഇന്ന് ശ്രീലക്ഷ്മിയും, ഭാഗ്യലക്ഷ്മിയും അടക്കം ഉള്ളവരുടെ നേതൃത്വത്തില്‍ അരങ്ങേറിയത് എന്നും ദിലീപ് പ്രതികരിച്ചു.

ഇതു പോലുള്ള നായന്മാരെ സ്പോട്ടിലടി കൊടുത്ത് വിടണം. എത്ര അടി കിട്ടിയാലും അവനൊക്കെ കാണിച്ച വയലന്‍സിന്റെ നാലയിലത്ത് വരില്ല എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനായ ശ്രീജിത് ദിവാകരന്റെ പ്രതികരണം.

ഇവിടെ സൈബര്‍ നിയമങ്ങള്‍ വളരെ ദുര്‍ബലമാണ്. ഒരു പരാതിക്കാരനും നീതി കിട്ടുന്നില്ല. ആത്മാഭിമാനം വ്രണപ്പെടുന്നവര്‍ക്ക് ഇതല്ലാതെ വേറെ വഴിയില്ല. സ്ത്രീകളുടെ ഗതികേടും നിസ്സഹായതയുമാണ് ഇങ്ങനൊക്കെ ചെയ്യേണ്ടി വരുന്നത്. പൊലീസിന്റെ തോല്‍വിയും. അല്ലാതെ പെണ്ണുങ്ങളുടെ വീരകൃത്യമല്ല എന്നുമാണ് മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ് സംഭവത്തോട് പ്രതികരിച്ചത്.

അതേസമയം വിജയ് നായര്‍ ചെയ്തത് തെറ്റാണെങ്കിലും ഈ തരത്തില്‍ അല്ലായിരുന്നു പ്രതികരിക്കേണ്ടതെന്ന തരത്തിലും പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

ഇത്തരം വയലന്‍സിനോട് തനിക്ക് യോജിക്കാന്‍ തോന്നുന്നില്ലെന്നാണ് അഭിനയത്രി ലാലി പി.എം പ്രതികരിച്ചത്. ഒരു ആള്‍ക്കൂട്ട ആക്രമണത്തിലും സദാചാരക്കൊലപാതകത്തിലും പൊട്ടന്‍ഷ്യല്‍ സംഘിസത്തിലും കുറഞ്ഞ യാതൊന്നുമായിരുന്നില്ല അത് എന്നും ലാലി പ്രതികരിച്ചു. ഇത്രയും മോശമായ വീഡിയോ അപ് ലോഡ് ചെയ്ത് ദിവസം രണ്ടായിട്ടും പൊലീസിന് പരാതികള്‍ പോയിട്ടും ഇവിടത്തെ പൊലീസ് സംവിധാനം എന്ത് ചെയ്യുകയായിരുന്നു.? സ്ത്രീകളുടെ ആത്മാഭിമാനത്തിനേറ്റ മുറിവുണക്കേണ്ടത് ആഭ്യന്തര വകുപ്പിന്റ ചുമതലയല്ലേ?  പ്രതികരിക്കുന്നവര്‍ അത് കൂടി പരാമര്‍ശിക്കണം എന്നൊരപേക്ഷയുണ്ടെന്നും അവര്‍ പ്രതികരിച്ചു.

കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത് പുറത്തുവിട്ടിരുന്നത്.

vitrix scene എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ ആദ്യമാദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുമായിരുന്നു വീഡിയോകള്‍ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ ഇയാള്‍ തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു.

ഡോക്ടര്‍ വിജയ് പി നായര്‍ എന്ന് പരിചയപ്പെടുത്തുന്ന ഇയാള്‍ എഴുത്തുകാരനും സിനിമാപ്രവര്‍ത്തകനുമാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ‘ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’ സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം, രതി മൂര്‍ച്ഛ നല്‍കിയ മകന്‍, (പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ ചില പ്രയോഗങ്ങള്‍ കൊടുക്കുന്നില്ല) തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും തലക്കെട്ടിലുമായിരുന്നു ഇയാള്‍ വീഡിയോ അവതരിപ്പിച്ചിരുന്നത്.

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.

തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീകള്‍ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിജയ് നായരുടെ മുഖത്ത് കരി മഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Well, women were abused in such an ugly way, well, if beaten; The cyber world responds to women’s protests

We use cookies to give you the best possible experience. Learn more