| Friday, 21st December 2018, 9:05 pm

വനിതാ മതിലില്‍ അഴിച്ചുപണി; മത ന്യൂനപക്ഷങ്ങളെയും മതമേലധ്യക്ഷന്‍മാരെയും പങ്കെടുപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും മതമേലധ്യക്ഷന്‍മാരെയും പങ്കെടുപ്പിക്കാന്‍ തീരുമാനം. സി.പി.ഐ.എം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം.

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന യു.ഡി.എഫ് പ്രചരണത്തിനിടെയാണ് തീരുമാനം. രമേശ് ചെന്നിത്തലയാണ് വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് ആദ്യം വിളിച്ചത്. പിന്നാലെ മുസ്‌ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍ നിയമസഭയില്‍വെച്ചും വര്‍ഗീയ മതിലെന്ന പരാമര്‍ശം നടത്തി.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരും വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. ജനുവരി ഒന്നിനാണ് സംസ്ഥാനത്തുടനീളം വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

ALSO READ: എ.കെ.ജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുമ്പ് ബി.ജെ.പി നേതാക്കളടക്കം എ.കെ.ജി സെന്ററിലെത്തി: കോടിയേരി

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വനിതാ മതില്‍. ശബരിമല വിധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമുദായസംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്.

അതേസമയം വനിതാ മതിലില്‍ എന്‍.എസ്.എസിന്റെ നിലപാട് തള്ളി കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എ ഇന്ന് രംഗത്തെത്തിയിരുന്നു.

“ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധിയായാണ് താന്‍ വനിതാ മതിലില്‍ സഹകരിക്കുന്നത്. വനിതാ മതിലിന് ജാതിയും മതവുമില്ല. തുടര്‍ന്നും സജീവമായി വനിതാ മതിലില്‍ സഹകരിക്കും”.

പത്തനാപുരം നിയോജക മണ്ഡലത്തില്‍ വനിതാ മതിലിന്റെ സംഘാടക സമിതി യോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുത്തിരുന്നു. വനിതാ മതിലിന്റെ പത്തനാപുരം നിയോജകമണ്ഡലം മുഖ്യ സംഘാടകനാണ് ഗണേശ് കുമാര്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more