| Tuesday, 1st January 2019, 5:23 pm

സംഘപരിവാറിന് മറുപടിയായി വനിതാ മതില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതില്‍ കേരളത്തിലുയര്‍ന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതിവിധിക്ക് പിന്നാലെ സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് മറുപടി ആയാണ് വനിതാ മതില്‍ ഉയര്‍ത്തിയത്.

ശബരിമലയില്‍   സത്രീകളെ തടഞ്ഞും അക്രമങ്ങള്‍ അഴിച്ചുവിട്ടും നാമജപ പ്രതിഷേധങ്ങള്‍ നടത്തിയും സര്‍ക്കാരിന് രാഷ്ട്രീയപരമായും സാമൂഹികപരമായും നിരവധി വെല്ലുവിളികളാണ് സംഘപരിവാര്‍ ഉയര്‍ത്തിയത്. നിരവധി ഹര്‍ത്താലുകള്‍ നടത്തിയും നിരോധനാജ്ഞ വരെ ലംഘിച്ചും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വനിതാ മതില്‍ തീര്‍ക്കുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Read Also : എതിര്‍പ്പുകളെ അവഗണിച്ച് സ്ത്രീകള്‍ ഒഴുകിയെത്തി; വനിതാ മതിലില്‍ മലപ്പുറത്ത് അണിനിരന്നത് ലക്ഷങ്ങള്‍

ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്തത്. യോഗത്തില്‍ വച്ച് തന്നെ നവോത്ഥാന വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെ.പി.എം.എസ് പ്രസിഡന്റ് പുന്നല ശ്രീകുമാറാണ് വനിതാ മതില്‍ എന്ന ആശയം മുന്നോട്ടു വച്ചത്. എന്നാല്‍ വനിതാ മതില്‍ തീരുമാനിക്കപ്പെടുന്ന യോഗവും യോഗതീരുമാനവും അന്ന് മുതല്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

ഹിന്ദു സമുദായ സംഘടനകളുടെയും, ഹിന്ദു സംഘടനകളുടേയും യോഗം വിളിച്ച് വനിതാ മതില്‍ തീരുമാനിക്കപ്പെട്ടതും, പുരുഷന്‍മാര്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ വനിതാ മതില്‍ തീര്‍ക്കാനുള്ള തീരുമാനം വന്നതുമെല്ലാം അന്ന് തന്നെ വിവാദമായി. ബി.ജെ.പിയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും നിയമസഭയ്ക്കകത്തും പുറത്തും വനിതാ മതിലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. വനിതാ മതിലിന് ബദലായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 26 ന് അയ്യപ്പജ്യോതിയും സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ സംഘപരിവാര്‍ അടക്കമുള്ള സംഘടനകള്‍ ഉയര്‍ത്തിയ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ലക്ഷക്കണക്കിന് സത്രീകളെ അണിനിരത്തിയാണ് സംസ്ഥാനത്ത് വനിതാ മതില്‍ ഉയര്‍ത്തിയത്. മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി ഇന്നലെ ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വര്‍ഗീയമതില്‍ എന്ന പ്രതിപക്ഷ ആരോപണത്തെ പൂര്‍ണ്ണമായിട്ട് ചെറുക്കാന്‍ കഴിഞ്ഞു എന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

കാസര്‍കോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരന്നു. നാലിനു വനിതാ മതില്‍ രൂപപ്പെട്ടതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആദിവാസി നേതാവ് സി.കെ.ജാനു ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും കെ. അജിതയും പി.വല്‍സലയും കോഴിക്കോട്ടും അണിനിരന്നു.

Latest Stories

We use cookies to give you the best possible experience. Learn more