| Sunday, 18th September 2022, 9:15 am

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുടുംബാംഗം എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയവര്‍ക്ക് നേരെ ലൈംഗികാതിക്രമം.

മൃതദേഹം കാണാന്‍ ശവപ്പെട്ടിക്കരികില്‍ ക്യൂ നിന്ന സ്ത്രീകള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്.

പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അഡ്യോ അഡെഷിന്‍ (Adio Adeshine) എന്ന പത്തൊമ്പതുകാരനെതിരെ കേസെടുത്തതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് വ്യക്തമാക്കിയെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇയാളെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച എലിസബത്ത് രാജ്ഞിയുടെ മൃതശരീരം കാണാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവാവ് സ്വന്തം ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും രണ്ട് സ്ത്രീകള്‍ക്കിടയിലേക്ക് തള്ളിക്കയറുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.

രണ്ട് സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

”ക്യൂവില്‍ ഉണ്ടായിരുന്നവരുടെ സാന്നിധ്യത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെടുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാജ്ഞിക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നവരെ സഹായിക്കാനും പിന്തുണയ്ക്കാനും ലണ്ടനിലെ പൊലീസ് ഓഫീസര്‍മാര്‍ വഴിയിലുടനീളം സന്നിഹിതരായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വന്ന കുറ്റകൃത്യങ്ങളുടെയോ മറ്റ് സംഭവങ്ങളുടെയോ എണ്ണം വളരെ കുറവാണ്,” ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കണ്ടി (Stuart Cundy) പ്രസ്താവനയില്‍ പറഞ്ഞു.

ആയിരക്കണക്കിന് പേരാണ് എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തുന്നത്.

അതേസമയം, തിങ്കളാഴ്ച രാവിലെയാണ് എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം നടക്കുന്നത്. രാവിലെ 11 മണിക്ക് ലണ്ട
നിലെ വെസ്റ്റ്മിന്‍സ്റ്റര്‍ അബെയിലാണ് സംസ്‌കാരം നടക്കുന്നത്. വിവിധ ലോകനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജവാഴ്ച അവസാനിപ്പിക്കണമെന്നും വര്‍ഷങ്ങളുടെ കൊളോണിയല്‍ പാരമ്പര്യമുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ജനാധിപത്യ വിരുദ്ധമായ ഭരണം ഇനി തുടരരുതെന്നുമാവശ്യപ്പെട്ട് നിരവധി പേര്‍ പ്രതിഷേധിക്കുന്നുണ്ട്.

Content Highlight: Women waiting to see queen Elizabeth’s coffin report sexual assault

We use cookies to give you the best possible experience. Learn more