പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിന് സാധ്യതകള്‍ പ്രഖ്യാപിക്കുമ്പോഴും ആദ്യ ഒന്നര മണിക്കൂര്‍ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ തേജസ്വിക്ക് സാധിച്ചിട്ടില്ല.
ഈ ഘട്ടത്തില്‍ സ്ത്രീവോട്ടര്‍മാരുടെ അനുപാതവും അവര്‍ക്ക് അനുഭാവമുള്ള മുന്നണികളും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചേക്കുമോ എന്ന ചര്‍ച്ചയും മുറുകുകയാണ്
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രകാരം ആകെ വോട്ട് ചെയ്ത സ്ത്രീകളില്‍ എന്‍.ഡി.എയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ശതമാനം സ്ത്രീകളിലാണ് മഹാസഖ്യത്തിന് മുന്‍ തൂക്കമുള്ളത്.
അതേസമയം എഴ് ശതമാനം പുരുഷന്‍മാര്‍ മുന്‍ തൂക്കം നല്‍കുന്നത് മഹാസഖ്യത്തിനാണ്. നിതീഷ് കുമാറിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട മദ്യനിരോധനമുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പുരുഷ വോട്ടര്‍മാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും നിരീക്ഷണമുണ്ട്.
അതേസമയം സ്ത്രീ വോട്ടര്‍മാരെ എന്‍.ഡി.എയോട് അടുപ്പിക്കുന്നത് മദ്യ നിരോധനവും ക്രമസമാധാനപാലനത്തില്‍ നിതീഷ് കൊണ്ടു വന്ന മാറ്റങ്ങളുമാണ്. എന്നാല്‍ ഈ ഒരു ശതമാനം വോട്ടുകള്‍ ഒരിടത്തും വലിയ രീതിയില്‍ പ്രതിഫലിക്കാന്‍ പോകുന്നില്ല.
അതേസമയം ആകെ വോട്ട് ചെയ്ത് വോട്ടര്‍മാരില്‍ കൂടുതലും സ്ത്രീകളാണ്. 60 ശതമാനം സ്ത്രീകള്‍ പോളിങ്ങ് ബൂത്തിലെത്തിയപ്പോള്‍ 55 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. എന്നാല്‍ കുടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ എത്തിയെങ്കിലും ബീഹാറിലെ ലിംഗ വിവേചനമാണ് ഇവിടെയും ഇരു മുന്നണികളുടെയും സാധ്യതകളില്‍ അട്ടിമറിയുണ്ടാക്കിയേക്കാവുന്ന ഘടകം.
ആകെ ജനസംഖ്യയുടെ ആറ് ലക്ഷത്തോളം സ്ത്രീകള്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ബീഹാറിലെ നിയമസഭ പ്രക്രിയയില്‍ നിന്ന് തികച്ചും അപ്രത്യക്ഷരായി നില്‍ക്കുന്നവരാണ്.
വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ തന്നെ ആകെ വോട്ടര്‍ മാരുടെ 53 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ 47 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. അതിനാല്‍ തന്നെ കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയത് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രകാരം എന്‍.ഡി.എയ്ക്ക് ഗുണകരമാകുമെങ്കിലും ആകെ വോട്ടര്‍മാരുടെ 47 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത് എന്നത് നിലവില്‍ സ്ത്രീ വോട്ടര്‍മാരുടെ ഇടയില്‍ മുന്‍തൂക്കമില്ലാത്ത ആര്‍.ജെ.ഡിക്ക് സാധ്യതയാകുന്നു. അതേസമയം ബീഹാറിലെ ജനാധിപത്യ പ്രക്രിയയിലെ ഈ ലിംഗ അസമത്വം തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുറുകന്നതിനിടയിലും വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്.