പുതുചരിത്രം; ലോകകപ്പില്‍ കോസ്റ്റാറിക്ക- ജര്‍മനി മത്സരം നിയന്ത്രിക്കാന്‍ സ്റ്റെഫാനി; അസിസ്റ്റന്റായും രണ്ട് വനിതകള്‍
football news
പുതുചരിത്രം; ലോകകപ്പില്‍ കോസ്റ്റാറിക്ക- ജര്‍മനി മത്സരം നിയന്ത്രിക്കാന്‍ സ്റ്റെഫാനി; അസിസ്റ്റന്റായും രണ്ട് വനിതകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th November 2022, 5:03 am

പുരുഷ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു വനിത കളി നിയന്ത്രിക്കും. വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടി മത്സരം നിയന്ത്രിക്കുമെന്ന് ഫിഫ ഔദ്യോഗികമായി അറിച്ചു.

ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയും ജര്‍മനിയും തമ്മില്‍ നടക്കുന്ന പോരാട്ടം സ്റ്റെഫാനി ഉള്‍പ്പെടെ മൂന്ന് വനിത റഫറിമാരാണ് നിയന്ത്രിക്കുക. ഫിഫയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ, ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയിലാണ് മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടിയെ കൂടാതെ ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് ഫിഫ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവര്‍.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതകളെ ലോകകപ്പ് പോലുള്ള ഒരു ഇവന്റില്‍ ഫിഫ റഫറിയിങ് ടീമിന്റെ ഭാഗമാക്കുന്നത്. റഫറിമാരായി തെരഞ്ഞടുക്കപ്പെട്ട മൂന്ന് പേരും ഇതിന് മുമ്പ് പുരുഷന്മാരുടെ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ളവരാണ്.

69 പേരുടെ അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ നിന്നുള്ള ന്യൂസാ ബക്ക്, മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസ് മദീന, യു.എസില്‍ നിന്നുള്ള കാതറിന്‍ നെസ്ബിറ്റ് എന്നിവരാണ് ഈ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്.

Content Highlight: women to manage Costa Rica-Germany match at World Cup