ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹമുണ്ട്, സര്‍ക്കാരും പൊതുജനങ്ങളും കൂടെ നില്‍ക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക
Kerala News
ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹമുണ്ട്, സര്‍ക്കാരും പൊതുജനങ്ങളും കൂടെ നില്‍ക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th October 2018, 10:05 pm

കണ്ണൂര്‍ : വ്രതമെടുത്ത് ശബരിമലക്ക് പോകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കോളേജ് അധ്യാപിക. കണ്ണൂര്‍ സ്വദേശിയായ രേഷ്മയാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

41 ദിവസം വ്രതമെടുത്ത് തനിക്ക് അയ്യപ്പനെക്കാണണമെന്നും അതൊരു വിപ്ലവത്തിന്റെ ഭാഗമല്ലെന്നും രേഷ്മ പറയുന്നു. അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇതിനു തയ്യാറാവുന്നത്. വര്‍ഷങ്ങളായി താന്‍ മണ്ഡലകാലത്ത് വ്രതമനുഷ്ഠിക്കാറുണ്ട്. പലരും കരുതിയ പോലെ ആര്‍ത്തവം അശുദ്ധമാണെന്ന് ഞാനും മുന്‍പ് കരുതിയിരുന്നു.ആ സമയത്ത് ഞാന്‍ വ്രതമനുഷ്ഠിക്കാതെ അത് കഴിഞ്ഞുള്ള ദിവസങ്ങളില്‍ വ്രതം തുടരുമായിരുന്നുവെന്ന് രേഷ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Also read പൗരസമത്വവും, ക്ഷേത്രാചാര സംരക്ഷണവാദവും: കേരളത്തിന്റെ ഇന്നും, ഇന്നലെയും

പോകാന്‍ സാധിക്കില്ലെങ്കിലും ആഗ്രഹത്തോടെയാണ് വ്രതമനുഷ്ഠിക്കാറുള്ളത്. കോടതിവിധി അനുകൂലമായ സ്ഥിതിക്ക് ഇത്തവണ തനിക്ക് മലക്ക് പോകണമെന്നാണ് ആഗ്രഹം യാത്രയില്‍ താന്‍ ഒറ്റയ്ക്കായിരിക്കില്ല . എന്നെപ്പോലെ ആഗ്രഹമുള്ള വിശ്വാസികള്‍ കൂടി എനിക്കൊപ്പമുണ്ടാകും. ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. ഇനിയും കൂടുതല്‍ വിശ്വാസികള്‍ എനിക്കൊപ്പം മലകയറാന്‍ ഉണ്ടാകുമെന്നും രേഷ്മ പറഞ്ഞു.

മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലകയറണമെന്നാണ് തന്റെ ആഗ്രഹം. അതിന് സര്‍ക്കാരും പൊതുസമൂഹവും സഹായിക്കണമെന്നാണ് രേഷ്മ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് ഇത്തവണ പോകാന്‍ തയ്യാറാവുന്നതെന്നും രേഷ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു. അതൊരിക്കലും സമൂഹത്തില്‍ ഒരു പ്രശ്നമുണ്ടാക്കാനല്ല തന്റെ വിശ്വാസം കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also read ആദിവാസികളെ “വിശ്വാസികള്‍ക്കൊപ്പം” അണിനിരത്താനുള്ള ശ്രമം ബ്രാഹ്മണ്യത്തിന്റെ മറ്റൊരടവ്

ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു എന്ന് രേഷ്മ പറയുന്നു. ആര്‍ത്തവത്തെ താന്‍ ഇപ്പോള്‍ അശുദ്ധിയായിട്ട് കാണുന്നില്ല. വിയര്‍പ്പും വിസര്‍ജ്യവും പോലെയാണ് ആര്‍ത്തവവും. ശരീരത്തിന് ആവശ്യമില്ലാത്തത് പുറന്തള്ളുന്നത് അശുദ്ധമല്ല, അതുകൊണ്ട് തനിക്ക് പൂര്‍ണ പരിശുദ്ധിയോടെ വ്രതമനുഷ്ഠികാന്‍ പറ്റുമെന്നും രേഷ്മ പറയുന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് നിഷാന്ത് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനാണ്..

DoolNews Video