| Tuesday, 28th January 2014, 12:26 pm

ഫേസ്ബുക്ക് അധിക്ഷേപത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ: എസ്.ഐക്കെതിരെ നടപടിക്ക് അഭ്യന്തര മന്ത്രി ഉത്തരവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചിതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേരാനല്ലൂര്‍ എസ്.ഐക്കെതിരെ നടപടി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉത്തരവ്.

ഫേസ്ബുക്കിലൂടെയും എസ്.എം.എസ് വഴിയും അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് എസ്.ഐക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.

സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ഫേസ്ബുക്ക് വഴി തന്നെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കൊച്ചി ചിറ്റൂരില്‍ താമസിക്കുന്ന ചേരാനെല്ലൂര്‍ സ്വദേശി വിജിഷയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രജീഷാണ് വീട്ടമ്മ കൂടിയായ യുവതിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. വിജിഷയുടെ സഹോദരന്റെ സുഹൃത്ത് കൂടിയാണ് രജീഷ്.

വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കിലൂടെ രജീഷ് നിരന്തരം ആക്ഷേപം ഉന്നയിച്ചതെന്ന് വിജിഷയുടെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ചേരാനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് അന്വേഷിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് സിറ്റി പോലീസിന് പരാതി നല്‍കിയെങ്കിലും സിറ്റി പോലീസ് കേസ് വീണ്ടും ചേരാനെല്ലൂര്‍ എസ്.ഐക്ക് തന്നെ കൈമാറുകയായിരുന്നു

തുടര്‍ന്ന് നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി ചേരാനെല്ലൂര്‍ പോലീസില്‍ നിന്നും രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.

ഫേസ്ബുക്കിലൂടെയും എസ്.എം.എസിലൂടെയും ഇവര്‍ നിരന്തരം ആക്ഷേപം നേരിട്ടിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനിടെ വിജിഷയേയും രജീഷിനേയും ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും വിജിഷയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പോലീസിന്റെ ഭാഗത്ത് സംസാരമുണ്ടായെന്നും ബന്ധുക്കള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more