| Friday, 3rd August 2018, 2:06 pm

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നാരോപണം; ഇടുക്കി എസ്.പി ഓഫീസിന് മുന്നില്‍ പെട്രോളൊഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: പൊലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇടുക്കി എസ്.പി ഓഫീസിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. കളക്ട്രേറ്റിലെത്തിയ യുവതി എസ്.പി ഓഫീസിന് മുന്നില്‍ വെച്ച് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.

ദേഹത്ത് തീകൊളുത്താന്‍ ശ്രമിക്കേവേ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ഓടിയെത്തുകയും ഇവരുടെ ദേഹത്ത് വെള്ളം കോരിയൊഴിക്കുകയുമായിരുന്നു.

താന്‍ ഇവിടെ തന്നെ ചാകുമെന്നും തന്നെ എല്ലാവരും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കുകയാണെന്നും യുവതി ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു.

“”ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്റെ പേരില്‍ കള്ളക്കേസ് എടുത്തത്. എന്നെ ജീവിക്കാന്‍ സമ്മതിക്കാതെ അവര്‍ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. ഞാന്‍ തല്ലിയിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. അവരാണ് എന്നെ കൊല്ലാന്‍ നോക്കിയത്. ഇനി എനിക്ക് ജീവിക്കേണ്ട. എന്റെ കുട്ടികളെ പണിയെടുത്ത് പോറ്റുന്ന ആളാണ് ഞാന്‍”” എന്നെല്ലാം യുവതി പറയുന്നുണ്ടായിരുന്നു.

ഇടുക്കിയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സാലിയെന്ന യുവതിയാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി ഇവരും അയല്‍വാസിയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ അയല്‍വാസിക്കും ഇവര്‍ക്കുമെതിരെ സമന്‍സ് അയച്ചിരുന്നു.


ആ ഡയലോഗ് പറഞ്ഞപ്പോള്‍ എനിക്ക് പോലും രോമാഞ്ചമുണ്ടായി; ഇഷ്ട ഡയലോഗ് തുറന്നുപറഞ്ഞ് ഷൈജു ദാമോദരന്‍


സമന്‍സ് അയച്ചതിന്റെ പ്രതിഷേധത്തിലാണ് ഇവരുടെ ആത്മഹത്യാ ശ്രമമെന്നും തനിക്കെതിരെ കേസെടുത്താല്‍ എസ്.പി ഓഫീസിന് മുന്നിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ പറഞ്ഞിരുന്നതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

“ഇവരും അയല്‍വാസിയുമായി ഏറെ നാളായി നില്‍ക്കുന്ന തര്‍ക്കമാണ്. സംഭവവുമായി ബന്ധപ്പെട്ട് അടിപിടി ഉള്‍പ്പെടെ ഒന്നിലേറെ കേസുകള്‍ ഉണ്ടാവുകയും ചെയ്തു. കേസ് പഞ്ചായത്തംഗത്തെ ഉള്‍പ്പെടുത്തി പരിഹരിക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. രണ്ട് കൂട്ടരും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നെന്നും” പൊലീസ് പറയുന്നു.

എന്നാല്‍ താന്‍ പല തവണ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്ന് സാലി ആരോപിച്ചു. അയല്‍വാസിയുമായി ചേര്‍ന്ന് പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് സാലിയുടെ ആരോപണം.

We use cookies to give you the best possible experience. Learn more