വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന; ബലപ്രയോഗത്തിലൂടെയെന്ന്‌ ജീവനക്കാര്‍
Daily News
വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന; ബലപ്രയോഗത്തിലൂടെയെന്ന്‌ ജീവനക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th December 2014, 7:45 pm

Cscz  കൊച്ചി:  കൊച്ചിന്‍ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ ജീവനക്കാരെ വസ്ത്രമഴിച്ചു ദേഹപരിശോധന നടത്തിയത് ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമാണെന്ന് സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോടാണ് ജീവനക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കാക്കനാട് സെസ്സിലെ ആസ്മ റബ്ബര്‍ പ്രൊഡക്റ്റ്‌സിലാണ് സംഭവമുണ്ടായത്.

സൂപ്പര്‍വൈസര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും. ജോലിയില്‍ തുടരണമെങ്കില്‍ വസ്ത്രമഴിച്ച് പരിശോധിക്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. വനിതാ ജീവനക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളൊന്നും തന്നെ സ്ഥാപനം നല്‍കിയിരുന്നില്ല. വെള്ളം കുടിക്കാനും മൂത്രമൊഴിക്കാന്‍ പോവാനും തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.

അസഭ്യവാക്കുകള്‍ പറഞ്ഞ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ ബാത്ത്‌റൂം ആണുള്ളതെന്നും അവര്‍ പറഞ്ഞു.

ഉപയോഗിച്ച നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 45 ഓളം വരുന്ന വനിതാ ജീവനക്കാരെ സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ ദേഹപരിശോധന നടത്തിയത്. ഡിസംബര്‍ 10നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

എന്നാല്‍ ആസ്മ എം.ഡി അബ്ദുള്‍ റഹീം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സൂപ്പര്‍വൈസറോഡുള്ള വ്യക്തി വിരോധമാണ് ജീവനക്കാരികളുടെ ആരോപണങ്ങള്‍ക്കു പിന്നിലെന്നും റഹീം പറഞ്ഞു.